X

ജനവിരുദ്ധ സര്‍ക്കാരിനെ തെരുവില്‍ വളയുന്നത് വരെ എത്തിക്കണോ- എഡിറ്റോറിയല്‍

പൊതുജനങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ നാട് പൊറുതിമുട്ടിയിരിക്കെ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് കേരളത്തിലെ ജനങ്ങളുടെ പൊതുവികാരം അക്ഷരാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്നതായി മാറി. സേവ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച പ്രക്ഷോഭം അതുകൊണ്ടുതന്നെ വന്‍ ജനപിന്തുണ നേടുകയും ചെയ്തു. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാര്‍ ജനത്തിന് ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമൂഹത്തോടും രാജ്യത്തോടുമുള്ള യുവാക്കളുടെ കടമ നിര്‍വഹിക്കുന്നതില്‍ എക്കാലവും മുന്‍പന്തിയില്‍നിന്ന യൂത്ത്‌ലീഗ് ബഹുജന സമരവുമായി രംഗത്ത്‌വന്നതെന്നത് ശ്രദ്ധേയമാണ്.

പൊതുജനങ്ങളോടുള്ള സര്‍ക്കാരിന്റെ ക്രൂരതയും ഭരണരംഗത്തെ പിടിപ്പുകേടും ധൂര്‍ത്തും അഴിമതിയും ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കിയിരിക്കുകയാണ്. ഭരണത്തിന്റെ തണലില്‍ കുട്ടി സഖാക്കളും പൊലീസും ഗുണ്ടാവിളയാട്ടം തന്നെയാണ് നടത്തുന്നത്. മയക്കുമരുന്ന് മുതല്‍ സ്ത്രീപീഡനം വരെയുള്ള നിരവധി കേസുകളില്‍ ഭരണപക്ഷക്കാര്‍ പ്രത്യേകിച്ച് സി.പി.എം പ്രവര്‍ത്തകരും നേതാക്കളും പ്രതികളാകുന്ന അവസ്ഥയാണ്. ഇവരെ സംരക്ഷിക്കാനാണ് ഭരണം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെ ജനം പൂര്‍ണമായും വെറുക്കുകയും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് വന്‍തോതില്‍ കോട്ടം തട്ടുകയും ചെയ്ത സാഹചര്യത്തിലാണ് വീട് വീടാന്തരം കയറി പ്രചാരണം നടത്താനുള്ള പദ്ധതിയുമായി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്തെത്തിയത്.

എന്നാല്‍ സര്‍ക്കാരിനെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ് വീടുകളിലെത്തിയ സഖാക്കള്‍ക്ക് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ലഘുലേഖകളുമായി നാട്ടില്‍ ഇറങ്ങാന്‍ വയ്യാത്ത പരിതാപ നിലയാണ് കഴിഞ്ഞദിവസങ്ങളില്‍ കണ്ടത്. പതിറ്റാണ്ടുകളായി ഇടതിനൊപ്പം നിന്നവര്‍ പോലും സഖാക്കള്‍ വീട്ടിലേക്ക് വരണ്ട എന്ന നിലപാട് എടുത്തിരിക്കുകയാണ്. ഇതുപോലൊരു നാറിയ ഭരണം സംസ്ഥാനം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് ജനം കൂട്ടത്തോടെ തുറന്നുപറഞ്ഞതോടെ സി.പി.എമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടി തുടക്കത്തില്‍തന്നെ അവസാനിച്ച മട്ടാണ്. എത്രമാത്രം ജനവിരുദ്ധമാണ് ഈ സര്‍ക്കാര്‍ എന്ന യാഥാര്‍ത്ഥ്യം ബോധ്യമാകാന്‍ സി.പി.എമ്മിന്റെ ഈ വീട് കയറ്റ പരിപാടിയിലെ പ്രതികരണം മാത്രം മതിയാകും.

ജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് ഇനിയും അധികകാലം മുന്നോട്ടുപോകാന്‍ ആവില്ലെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാരും സി.പി.എമ്മും തിരിച്ചറിയേണ്ടതുണ്ട്. സര്‍ക്കാരിലെ ഉന്നതര്‍ കുടുങ്ങും എന്ന് ഉറപ്പാകുന്ന കേസുകളില്‍ എല്ലാം ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കുന്ന നടപടിയുമായി ഇനിയും മുന്നോട്ടുപോകാന്‍ പിണറായി സര്‍ക്കാരിനെ ജനം അനുവദിക്കില്ല. ജനവിരുദ്ധ നയങ്ങളുടെ പേരില്‍ രണ്ടാം പിണറായി സര്‍ക്കാരിന് ഒരു ഡസനോളം തവണയാണ് ഹൈക്കോടതിയില്‍നിന്ന് വിമര്‍ശനമേല്‍ക്കേണ്ടി വന്നത്. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ വോട്ട് അടങ്ങിയ പെട്ടി കാണാതായ സംഭവത്തിലാണ് ഏറ്റവും ഒടുവില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. അതീവ ഗൗരവ തരം എന്നാണ് സംഭവത്തെ ഹൈക്കോടതി വിശേഷിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളില്‍ അല്‍പം പോലും വിശ്വാസമില്ലെന്നാണ് ഇതുവഴി ഹൈക്കോടതി തുറന്നുപറഞ്ഞിരിക്കുന്നത്. പെട്ടികള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ച് താക്കോല്‍ ഹൈക്കോടതിയില്‍ നല്‍കാമെന്ന നിര്‍ദ്ദേശം പോലും ഹൈക്കോടതി അംഗീകരിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിലും അവരുടെ ഉദ്യോഗസ്ഥരിലുമുള്ള വിശ്വാസ്യതക്കുറവ് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഗുണ്ടാ ബന്ധത്തിലൂടെ അവിഹിതമായി സ്വത്ത് സമ്പാദിച്ച 30 ലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുന്നു. ഡിവൈ.എസ്.പി റാങ്കിലുള്ളവര്‍ വരെ ഈ ഗണത്തില്‍പെടുന്നുണ്ടെന്നത്് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ എവിടെ എത്തിനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. പൊലീസുകാരുടെകൂടി ഒത്താശയോടെയാടെ സംസ്ഥാനം ഒന്നടങ്കം ഗുണ്ടാരാജ് അടക്കിവാഴുകയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടക്കുന്ന സംഭവവികാസങ്ങള്‍ വിരല്‍ചുണ്ടുന്നത്. ഗുണ്ടകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ മൂന്നു സി.ഐമാരെയും ഒരു എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരമായത് കഴിഞ്ഞദിവസമാണ്. കസ്റ്റഡി മരണങ്ങളുടെ കാര്യത്തില്‍ മറ്റെല്ലാ സംസ്ഥാനങ്ങളെയും കടത്തിവെട്ടുന്ന റെക്കോര്‍ഡാണ് കേരളത്തിനുള്ളത്. മൂന്നു വര്‍ഷത്തിനകം 100 കസ്റ്റഡി മരണങ്ങളാണ് ഇവിടെ നടന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 744 പൊലീസുകാരാണ് സേനയില്‍ ഉള്ളതെന്നും വ്യക്തമായിട്ടുണ്ട്.

സംസ്ഥാനത്തുടനീളം ജനതയെ ഒന്നടങ്കം തെരുവിലിറക്കുകയും പൊലീസ് തല്ലിച്ചതയ്ക്കുകയും ചെയ്തതിനുശേഷം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്ന് സര്‍ക്കാരിന് നാണംകെട്ട് പിന്മാറേണ്ടിവന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ നിരുത്തരവാദിത്വത്തിന്റെ അങ്ങേയറ്റം കാണിച്ച സര്‍ക്കാര്‍ ഈ മേഖലയിലും സമ്പൂര്‍ണ പരാജയമാണെന്ന് തെളിയിച്ചു. 10 ലക്ഷം തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനവുമായി രംഗത്തെത്തിയവര്‍ പിന്‍വാതില്‍ നിയമനത്തിന്റെ പേരില്‍ കോടതികള്‍ക്ക് മുമ്പിലും ജനങ്ങള്‍ക്ക് മുമ്പിലും ഇളിഭ്യരായി. ഖജനാവ് കാലിയാണെന്ന് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ല. ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി ചിലവഴിക്കുമ്പോള്‍ ജനം ദുരിതമനുഭവിക്കുകയാണെന്നകാര്യം വിസ്മരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ദൈനംദിന ചിലവിന് 2000 കോടി രൂപ കൂടി കടമെടുത്തു. സംസ്ഥാനത്തെ ജനങ്ങളെ ഏറ്റവും വലിയ കടക്കാരാക്കിമാറ്റിയതാണ് സര്‍ക്കാരിന്റെ നേട്ടം.

പൊതുജന താല്‍പര്യം എന്നത് പേരിനുപോലും പരിഗണിക്കാത്ത ഇടത് സര്‍ക്കാരിനെതിരെ ഇവിടത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത്‌ലീഗ് ഇന്നലെ സെക്രട്ടറിയേറ്റ് വളഞ്ഞത്. നയം തിരുത്താനും ജനങ്ങളോടൊപ്പം നിലകൊള്ളാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഒന്നിച്ച് സര്‍ക്കാരിനെയും മന്ത്രിമാര്‍ അടക്കമുള്ളവരെയും തെരുവില്‍ വളയുന്ന ദിനം അതിവിദൂരമല്ലെന്ന് ഭരണക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

webdesk13: