X

ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍

ഗുസ്തി താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ യുപി കൈസര്‍ഗഞ്ച് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍. ഗോണ്ടയില്‍ റാലി നടത്തിയാണ് ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം. അതേസമയം ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതിയില്‍ തെളിവ് ഹാജരാക്കാന്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടെന്നും കേസ് പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം
നേരിടുകയാണെന്നും താരങ്ങള്‍ പറഞ്ഞു.

ലൈംഗിക പീഡന കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഗുസ്തി താരങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് ഗോണ്ടയില്‍ തുറന്ന കാറില്‍ പൂമാലകള്‍ സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ബ്രിജ് ഭൂഷണ്‍ ശക്തി പ്രകടനം നടത്തിയത്. സ്വന്തം തട്ടകമായ ഗോണ്ടയില്‍ മോദി സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടി എന്ന പേരില്‍ നടത്തിയ റാലി രാഷ്ട്രീയ പിന്തുണ വ്യക്തമാക്കാനുള്ള വേദിയാക്കി ബ്രിജ് ഭൂഷണ്‍. ഒടുവില്‍ കൈസര്‍ഗഞ്ച് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനവും.

അതേസമയം ലൈംഗിക പീഡന പരാതി നല്‍കിയ ഗുസ്തി താരങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന നടപടികള്‍ തുടരുകയാണ് ഡല്‍ഹി പൊലീസ്. ജൂണ്‍ അഞ്ചിന് പരാതികളില്‍ തെളിവ് സമര്‍പ്പിക്കാന്‍ ഒരു ദിവസം സമയം നല്‍കി 2 താരങ്ങള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ശ്വാസപരിശോധനയുടെ പേരില്‍ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, സമ്മതമില്ലാതെ ആലിംഗനം ചെയ്തു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ് ആവശ്യപ്പെട്ടത്. വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും കൈവശമുള്ള എല്ലാ തെളിവുകളും പൊലീസിന് കൈമാറി എന്നും താരങ്ങള്‍ പ്രതികരിച്ചു.

webdesk13: