X

അപകടാവസ്ഥയിലുള്ള 31 പാലങ്ങള്‍ കൂടി പുനര്‍നിര്‍മിക്കുന്നു

 

തിരുവനന്തപുരം: അപകടാവസ്ഥയിലുള്ള 31 പാലങ്ങള്‍ കൂടി പുനര്‍നിര്‍മിക്കാന്‍ പണം അനുവദിച്ചതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. പുനര്‍നിര്‍മിക്കുന്നതില്‍ 12 പാലങ്ങള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 47.31 കോടി രൂപയ്ക്കും 19 പാലങ്ങള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 702.63 കോടി രൂപക്കും ഭരണാനുമതി നല്‍കി കഴിഞ്ഞു. 2017-18 സാമ്പത്തികവര്‍ഷം 37 പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രത്യേകാനുമതിയാണ് നല്‍കിയിരുന്നത്.
ഇതില്‍ ആറ് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പുനര്‍നിര്‍മ്മിക്കേണ്ട ബാക്കി പാലങ്ങളുടെ ഇന്‍വെസ്റ്റിഗേഷനും ഡിസൈനും പൂര്‍ത്തീകരിച്ച് ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും, പാലങ്ങളുടെ ബലക്ഷയം തീര്‍ത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും പാലങ്ങള്‍ക്ക് മാത്രമായി ഒരു ചീഫ് എഞ്ചിനീയര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
ചെറിയ കലുങ്കുകള്‍ ഒഴികെ സംസ്ഥാനത്തെ 2249 പാലങ്ങളുടെ പരിശോധന പൂര്‍ത്തീകരിച്ചതില്‍ 603 പാലങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും, 1281 പാലങ്ങള്‍ക്ക് സാധാരണ അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും, 365 പാലങ്ങള്‍ക്ക് വിശദമായ സാങ്കേതിക പരിശോധന ആവശ്യമാണെന്നും കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ വിദഗ്ധ പരിശോധന ആവശ്യമാണെന്നു കണ്ടെത്തിയ 365 പാലങ്ങളും കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അപകടാവസ്ഥയിലായ 158 പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കേണ്ടതാണെന്നും, 222 പാലങ്ങള്‍ പുനരുദ്ധാരണം നടത്തി ബലപ്പെടുത്തേണ്ടതുണ്ടെന്നും കണ്ടെത്തിയിരുന്നു.
നൂറുവര്‍ഷത്തിലധികം കാലപ്പഴക്കമുളള 10 പാലങ്ങളുണ്ടെന്നും, 60 വര്‍ഷങ്ങള്‍ക്ക് മുമ്പു നിര്‍മ്മിച്ച 128 പാലങ്ങളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. പുനര്‍നിര്‍മ്മിക്കേണ്ട പാലങ്ങള്‍ അടിയന്തിരമായി ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനും സ്‌ക്‌ട്രെക്ചറല്‍ ഡിസൈന്‍ പൂര്‍ത്തീകരിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രി എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

chandrika: