X

ബിഹാറില്‍ ആളുകള്‍ നോക്കിനില്‍ക്കെ പാലം തകര്‍ന്നുവീണു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം- വിഡിയോ

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നുവീണു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ടാമത്തെ സംഭവമാണിത്. സിവാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ആളുകള്‍ നോക്കിനില്‍ക്കെ പാലം തകര്‍ന്നടിഞ്ഞത്.

ഗന്ധക് എന്ന പേരിലുള്ള കനാലിനു കുറുകെയുള്ള ദരൗണ്ട-മഹാരാജ്ഗഞ്ച് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ചെറിയ പാലമാണ് ഉഗ്രശബ്ദത്തോടെ തകര്‍ന്നുവീണത്. അടുത്തുള്ള ധര്‍ബാംഗ ജില്ലയിലെ രാംഗഢില്‍ ഉള്‍പ്പെടെ ഇതിന്റെ ശബ്ദം കേട്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അപകടത്തില്‍പെട്ടത് പഴയ പാലമാണെന്നും കനാലിലൂടെ വെള്ളം തുറന്നുവിട്ടപ്പോഴാണ് തകര്‍ന്നുവീണതെന്നും ജില്ലാ മജിസ്ട്രേറ്റ് മുകുല്‍ കുമാര്‍ ഗുപ്ത പറഞ്ഞു. പാലം പുനര്‍നിര്‍മിക്കുന്നതുവരെ നാട്ടുകാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കാത്ത തരത്തില്‍ ബദല്‍ യാത്രാമാര്‍ഗങ്ങളുണ്ടാക്കുമെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്.

1991ല്‍ മഹാരാജ്ഗഞ്ച് എം.എല്‍.എയായിരുന്ന ഉമാശങ്കര്‍ സിങ്ങിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള സഹായത്തോടെ നിര്‍മിച്ചതായിരുന്നു പാലം. 20 അടി നീളത്തില്‍ ഇഷ്ടിക കൊണ്ടാണു പാലം നിര്‍മിച്ചിരുന്നത്. പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മഹാരാജ്ഗഞ്ച് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് അനില്‍ കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധമാരാംഭിച്ചിട്ടുണ്ട്. രണ്ടു ഗ്രാമങ്ങളിലുമുള്ള ആയിരക്കണക്കിനുപേര്‍ സ്ഥിരം ആശ്രയിച്ചിരുന്ന പാതയാണിത്. 40 വര്‍ഷത്തോളം പഴക്കമുള്ള പാലത്തില്‍ കൃത്യമായ അറ്റകുറ്റപണികളൊന്നും നടന്നില്ലെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടായെന്നുമാണു നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതോടൊപ്പം കനാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയമായ നടപടികളും പാലത്തിന്റെ ശോഷണത്തിനിടയാക്കിയെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറാറിയ ജില്ലയില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലം തകര്‍ന്നത്. ബക്ര നദിക്കു കുറുകെ 180 മീറ്ററോളം നീളത്തില്‍ 12 കോടിയോളം രൂപ ചെലവിട്ടു നിര്‍മിച്ച പാലമാണ് ഉദ്ഘാടനത്തിനുമുന്‍പേ തകര്‍ന്നുവീണത്. സംഭവത്തില്‍ ഗ്രാമീണ മരാമത്ത് വകുപ്പ് വകുപ്പുതല അന്വേഷണങ്ങളും നടപടികളും ആരംഭിച്ചിട്ടുണ്ട്. മൂന്ന് എന്‍ജിനീയര്‍മാരെ പിരിച്ചുവിടുകയും ജില്ലാ കലക്ടര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

webdesk13: