X

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു; നാല് ദിവസത്തിനിടെ മൂന്നാമത്തേത്

നിതീഷ് കുമാറിന്റെ ബിഹാറില്‍ പാലം തകര്‍ച്ച തുടരുന്നു. ഭഗല്‍പൂര്‍ ജില്ലയിലെ ചൗഖണ്ഡി ഗ്രാമത്തില്‍ രണ്ട് വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച പാലമാണ് ഏറ്റവും ഒടുവില്‍ തകര്‍ന്നുവീണിരിക്കുന്നത്. ഇതോടെ നാലു ദിവസത്തിനിടെ തകര്‍ന്നുവീഴുന്ന മൂന്നാമത്തെ പാലമാണിത്.

വ്യാഴാഴ്ച പാലത്തില്‍ കേടുപാട് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഒരു വശം ചരിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ പാലം ഒന്നാകെ വെള്ളത്തില്‍ പതിക്കുകയായിരുന്നു. നദിയിലെ ശക്തമായ നീരൊഴുക്കില്‍ പാലം തകര്‍ന്നുവീണതോടെ പ്രദേശത്തെ റോഡ് ഗതാഗതം താറുമാറായി. ആറ് പഞ്ചായത്തുകളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകളുടെയാണ് പാലം തകര്‍ച്ച പ്രതികൂലമായി ബാധിക്കുക.

പാലം തകര്‍ന്നതോടെ ബ്ലോക്ക് ആസ്ഥാനവും ജില്ലയും തമ്മിലുള്ള സഞ്ചാര ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥരാരും സംഭവസ്ഥലത്ത് എത്താത്തത് ദുരിതബാധിതരായ ഗ്രാമീണരുടെ പ്രതിഷേധത്തിന് കാരണമായി. പാലം തകര്‍ന്ന് വെള്ളത്തിലേക്ക് വീണതോടെ നിര്‍മാണത്തിലെ അപാകതയും വെള്ളപ്പൊക്ക പ്രതിരോധ നടപടികളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി വിമര്‍ശനവും പ്രതിഷേധവും ശക്തമാണ്.

അതേസമയം, ചൗഖണ്ഡി പാലം തകര്‍ന്നതിനു പിന്നാലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി തലവനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. നിതീഷ് കുമാറിന്റെ ഭരണത്തിലെ അഴിമതിയുടെ വേരുകളുടെ ആഴമാണ് പാലങ്ങളുടെ തകര്‍ച്ചയിലൂടെ വ്യക്തമാവുന്നത്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ബിഹാറിലുടനീളം ആയിരക്കണക്കിന് കോടി ചെലവ് വരുന്ന നൂറുകണക്കിന് പാലങ്ങളാണ് തകര്‍ന്നുവീണത്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അടുത്തകാലത്ത് ബിഹാറില്‍ തകരുന്ന 17ാമത്തെ പാലമാണ് ചൗഖണ്ഡിയിലേത്. സെപ്തംബര്‍ 23ന് മുംഗര്‍ ജില്ലയില്‍ ഗന്തക് നദിക്ക് കുറുകെയുണ്ടായിരുന്ന പ്രധാന പാലവും സമസ്തിപൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ബക്തിയാര്‍പൂര്‍- താജ്പൂര്‍ ഗംഗാ മഹാസേതു പാലവും തകര്‍ന്നിരുന്നു. മുംഗര്‍ ജില്ലയിലെ ബിച്‌ലി പുല്‍ എന്നറിയപ്പെട്ടിരുന്ന തിരക്കേറിയ പാലം 2012ല്‍ നിര്‍മിച്ചതാണ്.

നദിയിലെ ശക്തമായ ഒഴുക്കില്‍ പാലം തകരുകയായിരുന്നെന്നാണ് വിവരം. നദീതീര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് പ്രധാന നഗരമായ ഖഗാരിയയുമായി ബന്ധപ്പെടാനുള്ള ഒരേയൊരു മാര്‍ഗമായിരുന്നു ഈ പാലം. 80,000ത്തോളം പേരെ പാലം തകര്‍ച്ച ബാധിക്കും. മുംഗര്‍ ജില്ലയിലെ ഹരിനമര്‍, ജൊവാഭിയാര്‍ തുടങ്ങിയ നിരവധി പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് ബിഹാറില്‍ ഒന്നിനു പിറകെ ഒന്നായി പാലങ്ങള്‍ തകരുന്ന സംഭവങ്ങളുണ്ടായിരുന്നു. 13 ദിവസത്തിനിടെ ആറ് പാലങ്ങളാണ് അന്ന് തകര്‍ന്നത്. തുടര്‍ന്നും പല സമയങ്ങളിലായി പാലം തകര്‍ച്ച ആവര്‍ത്തിച്ചു. സര്‍ക്കാരിന് തന്നെ നാണക്കേടായ ഈ സംഭവങ്ങളില്‍ വിശദമായ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. പാലം നിര്‍മാണത്തിനും പരിപാലനത്തിനുമായി പുതിയ നയവും നിതീഷ് കുമാര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകര്‍ച്ചകള്‍ തുടര്‍ക്കഥയാവുന്നത്.

webdesk13: