X

ബീഹാറിൽ വീണ്ടും പാലം തകർന്നു; 15 ദിവസത്തിനുള്ളിൽ തകരുന്ന ഏഴാമത്തെ പാലം

തുടര്‍ക്കഥയായി ബീഹാറില്‍ പാലം തകരല്‍. ബീഹാറിലെ സിവാന്‍ ജില്ലയില്‍ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. 15 ദിവസത്തിനുള്ളില്‍ തകരുന്ന ഏഴാമത്തെ പാലമാണിത്. സിവാനിലെ ദിയോറ ബ്ലോക്കിലുള്ള പാലമാണ് തകര്‍ന്നത്. നിരവധി ഗ്രാമങ്ങളെ മഹാരാഞ്ജ്ഖഞ്ചുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്.

ഇത് വരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ സിവാനില്‍ തകരുന്ന രണ്ടാമത്തെ പാലമാണിത്. പാലം തകര്‍ന്നതിന്റെ കൃത്യമായ കാരണം അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ പറഞ്ഞു. ബ്ലോക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഡിയോറിയ ബ്ലോക്കിലെ പാലത്തിന്റെ ഒരു ഭാഗം ഇന്ന് രാവിലെ തകര്‍ന്നു കൃത്യമായ കാരണം ഇതുവരെ അറിയില്ല. ബ്ലോക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട് ഞാനും അങ്ങോട്ട് പോകുന്നുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പ്രാഥമിക വിവരം അനുസരിച്ച് 1982 -83ലാണ് പാലം പണി കഴിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാലത്തില്‍ അറ്റകുറ്റ പണികള്‍ നടന്നിരുന്നു,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് പാലം തകര്‍ന്നതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗണ്ഡകി നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചതും പാലത്തിന്റെ തകര്‍ച്ചക്ക് കാരണമാകാമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

11 ദിവസം മുമ്പ് സിവാനിലെ മറ്റൊരു പാലം തകര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവം. ഇത് ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ കൂട്ടുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 22 ന് ദരൗണ്ട മേഖലയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതോടെ സംഭവങ്ങളെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍.

webdesk13: