തിരുവനന്തപുരം: നടുറോഡില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടറെ വിജിലന്‍സ് പിടികൂടി. മഫ്ടിയിലെത്തിയ വനിതകള്‍ അടങ്ങിയ ഉദ്യോഗസ്ഥസംഘത്തെ തിരിച്ചറിയാതെ ബഹളം കൂട്ടി രക്ഷപ്പെടാന്‍ ഇവര്‍ നടത്തിയ നീക്കം പാളി. കോടതിയില്‍ ഹാജരാക്കി. നിയമനടപടികള്‍ക്കു പിന്നാലെ കോര്‍പറേഷനില്‍ നിന്ന് സസ്‌പെന്‍ഷന്‍ ഉത്തരവും വന്നു. കോര്‍പറേഷന്‍ ജഗതി സോണല്‍ ഓഫിസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എ. സരിതയാണു പിടിയിലായത്.
വഴുതക്കാട് തുടങ്ങുന്ന ഇന്റീരീയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ ലൈസന്‍സിനായി അപേക്ഷ നല്‍കിയ ഷിബുകൃഷ്ണനില്‍ നിന്നു കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് സരിത പിടിയിലായത്. പിടികൂടിയത് വിജിലന്‍സാണെന്നു അറിയാതെ നടുറോഡില്‍ ബഹളം വച്ച് രക്ഷപ്പെടാനും സരിത ശ്രമിച്ചു. അപേക്ഷ നല്‍കാന്‍ എത്തിയപ്പോള്‍ അനുമതി വേണമെങ്കില്‍ 5000 കൈക്കൂലി ലഭിക്കണമെന്നു സരിത ഷിബുവിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം കാട്ടി ഷിബുകൃഷ്ണന്‍ വിജിലന്‍സ് ദക്ഷിണമേഖലാ സൂപ്രണ്ട് ജയശങ്കറിന് പരാതി നല്‍കി.
തുടര്‍ന്നു വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമായിരുന്നു ഷിബുവിന്റെ നീക്കങ്ങള്‍. പണം നല്‍കാമെന്നു ഷിബുകൃഷ്ണന്‍ സരിതയെ അറിയിച്ചു. വെള്ളിയാഴ്ച ഓഫിസില്‍ എത്താന്‍ സരിത പറഞ്ഞു. പിന്നീട് വൈകിട്ട് ജഗതി-പൂജപ്പുര റോഡില്‍ മറ്റൊരു സ്ഥലം സരിത നിര്‍ദേശിച്ചു. വിജിലന്‍സ് സംഘവും ഇവിടെ എത്തി.
സ്വകാര്യവാഹനങ്ങളില്‍ അല്‍പം മാറി നിലയുറപ്പിച്ചു. നാലരയോടെ സ്ഥലത്ത് എത്തിയ സരിത്ക്ക് വിജിലന്‍സ് നേരത്തെ നല്‍കിയ നോട്ടുകള്‍ ഷിബു കൈമാറി. ഇതോടെ വിജിലന്‍സ് സംഘം പിടികൂടുകയും ചെയ്തു. ദക്ഷിണ മേഖല ഡി.വൈ.എസ്.പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നടപടി എടുത്തത്.