പത്താം ക്ലാസ്സില്‍ തോറ്റ് പ്യൂണായി പിന്നെ പടിപടിയായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വരെ എത്തിയ കോഴക്കേസില്‍ പിടിയിലായ എം.ജി സര്‍വ്വകലാശാലയിലെ എല്‍സി വളര്‍ന്നത് സി.പി.എമ്മിന്റെ തണലില്‍. എല്‍സിയുടെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ വളര്‍ച്ച. പ്യൂണായ എല്‍സിയെ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് 2010ല്‍ സ്ഥിരപ്പെടുത്തിയത്. പിന്നീട് സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും പ്ലസ്ടുവും ജയിച്ച ശേഷം എം.ജിയില്‍നിന്ന് തന്നെ ഡിഗ്രിയും കിട്ടി. ഈ ഡിഗ്രിക്കെതിരെ പരാതി ഉയര്‍ന്നെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. 2017 നവംബറില്‍ ഇല്ലാത്ത ഒഴിവ് സൃഷ്ടിച്ച് യൂണിവേഴ്സിറ്റി അസിസ്റ്റന്റായി നിയമിച്ചു. അറുപതിനായിരത്തിലേറെ ശമ്പളം വാങ്ങുന്ന എല്‍സി ഇതിന് മുമ്പും കൈക്കൂലി വാങ്ങിയതിന് ആരോപണം നേരിട്ടെങ്കിലും പാര്‍ട്ടി രക്ഷിച്ചു.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയി എല്‍സിക്ക് നിയമനം കിട്ടിയതും സി.പി.എമ്മിന്റെ സ്വാധീനം കൊണ്ടാണ്. ഒഴിവുകളുടെ നാല് ശതമാനവും നാല് വര്‍ഷത്തിലേറെ സര്‍വ്വീസുള്ള ലാസ്റ്റ് ഗ്രേഡ് ക്ലര്‍ക്കുകള്‍ക്ക് മാറ്റിവെക്കണമെന്ന ചട്ടം മറികടന്നാണായിരുന്നു നിയമനം. ജൂനിയറായ എല്‍സിക്ക് നിയമനം നല്‍കാന്‍ ചട്ടപ്രകാരം കഴിയാത്തത് കൊണ്ട് എല്‍സിക്കു വേണ്ടി ചട്ടം തിരുത്തിയാണ് നിയമനം നടത്തിയത്. മുന്‍ മന്ത്രി കെ.ടി ജലീല്‍ ബന്ധുവിന് വേണ്ടി ചട്ടം തിരുത്തിയ അതേ മാതൃകയാണ് ഇവിടെയും സി.പി.എം സ്വീകരിച്ചത്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തിക പി.എസ്.സിക്ക് വിട്ട് പരീക്ഷ നടത്തുകയും 2016ല്‍ ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ ലിസ്റ്റ് നിലനില്‍ക്കെയാണ് യൂണിവേഴ്സിറ്റിയിലെ സി.പി.എം സ്വാധീനം ഉപയോഗിച്ച് പിന്‍വാതില്‍ വഴി എല്‍സി കയറിപ്പറ്റിയത്. മാര്‍ക്ക് ലിസ്റ്റിനു വേണ്ടി വിദ്യാര്‍ത്ഥിയില്‍നിന്ന് ഒന്നര ലക്ഷം രൂപ കോഴ വാങ്ങിയതിനാണ് എല്‍സി അറസ്റ്റിലായത്.