X

നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം?; പരാതിക്കാരന് രണ്ടിടത്ത് രണ്ടുതരം ഒപ്പും പേരും

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വെവ്വേറെയായതാണ് സംശത്തിനു കാരണം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന വാദത്തിനു ബലം നൽകുന്നു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരന്റെ പേര് പ്രശാന്തന്‍ ടി വി എന്നാണ് നല്‍കിയിരിക്കുന്നത്. പാട്ടക്കരാറിലാകട്ടെ സംരംഭകന്റെ പേര് പ്രശാന്ത് എന്നുമാണ്. രണ്ടിലേയും ഒപ്പിലും വ്യത്യാസമുണ്ട്. ചെങ്ങളായിയില്‍ പ്രശാന്തന്റെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിനായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പ്രസംഗമാണ് നവീന്റെ ആത്മഹത്യയ്ക്ക് കാരണമായത്.

നവീന്‍ ബാബു കുറ്റക്കാരനല്ലെന്നു കലക്ടറുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള വിശദ അന്വേഷണത്തില്‍നിന്നാണ് ഇപ്പോള്‍ കലക്ടറെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ പങ്കെടുത്തത് കലക്ടറുടെ ക്ഷണമനുസരിച്ചായിരുന്നുവെന്ന വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. നവീനു താല്‍പര്യമില്ലാഞ്ഞിട്ടും യാത്രയയപ്പു യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സൗകര്യത്തിനു കലക്ടര്‍ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ജാമ്യാപേക്ഷയില്‍ കക്ഷിചേരുമെന്നും നവീന്റെ കുടുംബം പ്രതികരിച്ചു.

 

webdesk14: