രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഐ.ഒ.സി തീരുമാനിച്ചു. അതേസമയം, കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അലക്‌സ് മാത്യുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിവിധ രേഖകളും വിദേശമദ്യവും കണ്ടെത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. അലക്‌സ് മാത്യു ഡെപ്യൂട്ടി ജനറല്‍ മാനേജറായി ചുമതലയേറ്റെടുത്തത് മുതല്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കൂടുതല്‍ പരാതികളുണ്ടോയെന്ന് അന്വേഷിക്കാനാണ് വിജിലന്‍സ് തീരുമാനം. ശനിയാഴ്ച രാത്രി 7.30ഓടെ കുറവന്‍കോണത്തെ പരാതിക്കാരന്റെ വീട്ടില്‍വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അലക്‌സ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ കൊല്ലം കടയ്ക്കലില്‍ ഐ.ഒ.സിയുടെ ഗ്യാസ് ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് അലക്‌സ് മാത്യു പരാതിക്കാരനെ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്ന് കാണാന്‍ ആവശ്യ?പ്പെട്ടു. തുടര്‍ന്ന് പരാതിക്കാരനോട് ഭാര്യയുടെ പേരിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് ഉപഭോക്താക്കളെ അടുത്തുള്ള മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു.
പരാതിക്കാരന്‍ വിസമ്മതിച്ചതോടെ ഭാര്യയുടെ പേരിലെ ഗ്യാസ് ഏജന്‍സിയില്‍നിന്ന് 1200ഓളം കണക്ഷന്‍ അലക്‌സ് മാത്യു മാറ്റി അടുത്തുള്ള ഏജന്‍സിക്ക് നല്‍കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ അലക്‌സ് മാത്യു പരാതിക്കാരന്റെ ഫോണില്‍ വിളിച്ച് താന്‍ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പറഞ്ഞ തുക അവിടെവെച്ച് നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റുമെന്നും ഭീഷണിപ്പെടുത്തി.
പരാതിക്കാരന്‍ വിവരം പൂജപ്പുരയിലെ വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് -1 പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.