X

എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണം; ടി വി പ്രശാന്തനെ പിരിച്ചുവിടും

എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണം ഉന്നയിച്ച പരാതിക്കാരനായ ടി വി പ്രശാന്തനെ പിരിച്ചുവിടാനുള്ള നടപടിയുമായി ആരോഗ്യവകുപ്പ്. പ്രശാന്തന് സര്‍ക്കാര്‍ സര്‍വീസ് ചട്ടം ബാധകമാകില്ലെങ്കിലും കമ്പനി നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുമാത്രമേ പിരിച്ചു വിടാനാവുകയൊള്ളൂ.

നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ആദ്യം പിരിച്ചുവിടാനുള്ള നടപടി. സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി തേടണമെന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പ്രശാന്തന്റെ മൊഴി.

അതേസമയം, എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് മന്ത്രി കെ രാജന് നാളെ കൈമാറും . ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് റവന്യൂ സെക്രട്ടറിയുടെ പരിശോധനയിലാണ്. എന്നാല്‍ അന്വേഷണത്തില്‍ കണ്ണൂര്‍ കളക്ടറിന് ക്ലീന്‍ ചിറ്റാണ് നല്‍കിയിരിക്കുന്നത്.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്നാണ് കളക്ടറുടെ മൊഴി. പി പി ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോഴും പ്രോട്ടോകോള്‍ പ്രകാരം ഇടപെടാന്‍ ആകുമായിരുന്നില്ല എന്നും കളക്ടര്‍ മൊഴിനല്‍കി.

പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരുന്ന പരാതിക്കാരനായ പ്രശാന്തനെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു സസ്പെന്‍ഷന്‍.

 

webdesk17: