X

ലേബര്‍ കാര്‍ഡിനായി കൈക്കൂലി: ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ ലേബര്‍ ഓഫീസറുടെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ പിടികൂടി. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധനയില്‍ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തത്. കൊച്ചി സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരനാണ് അജിത് കുമാര്‍.

കൈക്കൂലിയായി വാങ്ങിയ പണമാണു പിടിച്ചെടുത്തതെന്ന് വിജിലന്‍സ് അറിയിച്ചു. സ്വര്‍ണവും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് ലേബര്‍ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അജിത് കുമാറിനെ പിടികൂടുന്നത്. ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റാന്‍ വേണ്ടി കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സംഭവം.

ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 20 തൊഴിലാളികളുടെ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. വിജിലന്‍സ് എസ്പി ശശിധരന്‍ എസ്. ഐപിഎസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

webdesk17: