ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം കടുപ്പിച്ചതിനൊപ്പം ഇടതുമുന്നണിയിലും അപസ്വരങ്ങൾ. സി.പി.ഐക്ക് പിന്നാലെ, ജെ.ഡി.എസ്, ആർ.ജെ.ഡി പാർട്ടികളും ഭിന്നാഭിപ്രായവുമായി രംഗത്തെത്തി. ജെ.ഡി.എസ് നേതൃയോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നു.
സി.പി.ഐ മുഖപത്രം ‘ജനയുഗ’ത്തിൽ മുതിർന്ന നേതാവ് സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ ബ്രൂവറി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടു. ആർ.ജെ.ഡിയും അതൃപ്തി പരസ്യമാക്കി. ഘടകകക്ഷികളുടെ എതിർപ്പ് കാര്യമാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. സി.പി.ഐ അടക്കമുള്ളവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടോളുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി.
ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന ജെ.ഡി.എസ് നേതൃയോഗത്തിൽ ബ്രൂവറി അനുവദിക്കാനുള്ള സർക്കാർ നിലപാടിനെ പിന്തുണച്ച പാർട്ടിയുടെ മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. വിഷയം മന്ത്രിസഭയിൽ വന്നപ്പോൾ ഗൗരവം ഉൾക്കൊണ്ട് പ്രതികരിക്കാൻ കൃഷ്ണൻകുട്ടിക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. വീഴ്ച വരുത്തിയ മന്ത്രിയെ മാറ്റണമെന്നും ചിലർ വാദിച്ചു. പ്രസിഡന്റ് മാത്യു ടി. തോമസ് ഇടപെട്ട് മന്ത്രിക്കെതിരായ ചർച്ച തടഞ്ഞു. ബ്രൂവറിയിൽ കൂടുതൽ ചർച്ച വേണമെന്ന് ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.
ബ്രൂവറിക്കെതിരായ നിലപാട് നേരത്തേ പരസ്യമാക്കിയ സി.പി.ഐ, മുഖപത്രത്തിലൂടെ ഇക്കാര്യം കൂടുതൽ വിശദീകരിച്ചു. ‘‘മദ്യനിർമാണശാലക്ക് അനുമതി നൽകിയത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മദ്യമാണോ, അതോ നെല്ലാണോ പാലക്കാട്ടെ, വയലിൽ ഉൽപാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയർന്നു വരുന്നു. മദ്യക്കമ്പനി ജലം ചൂഷണം ചെയ്താൽ കൃഷിക്ക് ജലം ലഭിക്കില്ല.
മലമ്പുഴ ഡാമിലെ ജലം നെൽകൃഷിക്ക് വേണ്ടിയുള്ളതാണ്. കൃഷി തടസ്സപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ല. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യ നിർമാണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുത്. ജനതാൽപര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയാറാകണ’’മെന്നും ലേഖനം ആവശ്യപ്പെടുന്നു.
മുന്നണിയിൽ ചർച്ച ചെയ്യാതെ, ബ്രൂവറി അനുമതി നൽകിയതിൽ അതൃപ്തി പരസ്യമാക്കി ആർ.ജെ.ഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോർജും രംഗത്തെത്തി. സി.പി.ഐ ഓഫിസിലെത്തി വിശദീകരിച്ചെങ്കിലും മറ്റു ഘടകകക്ഷികളുമായി ചർച്ച ചെയ്യാതിരുന്നത് തെറ്റായ സമീപനമാണ്. പ്ലാച്ചിമട ഉള്‍പ്പെടെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി എന്ന നിലയില്‍ ബ്രൂവറി വിഷയം ഫെബ്രുവരി രണ്ടിന് ചേരുന്ന പാര്‍ട്ടി സമിതി ചര്‍ച്ച ചെയ്യുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.