X

വിദ്യാര്‍ത്ഥിനികളുടെ മൗലിക അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പരീക്ഷാ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കില്ല: എം എസ് എഫ്

 

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ പ്രാകൃതമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറിയില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് എംഎസ്എഫ് അറിയിച്ചു.
ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ചേര്‍ന്ന ഡല്‍ഹി സംസ്ഥാന രൂപീകരണ യോഗത്തില്‍ ദേശീയ സെക്രട്ടറി അതീബ് ഖാന്‍ അവതരിപ്പിച്ച പ്രമേയം മെഡിക്കല്‍ പ്രവേശന രംഗത്തെ പ്രാകൃതവും മനുഷ്യത്വ രഹിതവുമായ സമീപനങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നീറ്റ് പരീക്ഷയില്‍ കേരളത്തിലടക്കം സംഭവിച്ചത് ഞെട്ടിക്കുന്നതും ക്രൂരവുമായ കാര്യങ്ങളാണ്.
പരീക്ഷക്ക് തൊട്ടുമുന്‍പ് മാനസിക പിരിമുറുക്കങ്ങളിലൂടെ പോവേണ്ടിവരുന്ന വിദ്യാര്‍ത്ഥിനികളുടെ അവസ്ഥ മനസ്സിലാക്കി തെറ്റു തിരുത്താന്‍ അധികൃതര്‍ തയ്യാറാവണം. മാത്രമല്ല, ഏത് വസ്ത്രം ധരിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കിയ രാജ്യമാണ് ഇന്ത്യ. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാഥമിക മൂല്യങ്ങളെ പോലും ചവിട്ടി മെതിക്കുന്ന ചട്ടങ്ങളെ വിദ്യാര്‍ത്ഥി സമൂഹത്തിന് അംഗീകരിക്കാനവില്ല. യോഗം പുതിയ ഡല്‍ഹി സംസ്ഥാന എംഎസ്എഫ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പിവി അഹമദ് സാജു തിരഞ്ഞടുപ്പ്് നടപടികള്‍ നിയന്ത്രിച്ചു.
ഡല്‍ഹി സംസ്ഥാന മുസ്‌ലിംലീഗ് സെക്രട്ടറി ഇമ്രാന്‍ ഐജാസ് അധ്യക്ഷത വഹിച്ചു. മുസാഫര്‍ നദവി, അതീബ് ഖാന്‍, മന്‍സുര്‍ ഹുദവി, ഐജാസ് കരീം, ഷംസീര്‍ കേളോത്ത്, ഡാനിഷ് ഇസ്‌ലാം, പര്‍വേസ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

chandrika: