X
    Categories: Newsworld

അരിവാള്‍ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നം; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍

റിയോ ഡി ജനീറോ: അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിന്റെ ഉത്പാദനവും വില്‍പ്പനയും വിതരണവും തടയണമെന്ന് ആവശ്യപ്പെട്ട് ബ്രസീല്‍ പാര്‍ലമെന്റില്‍ ബില്‍. ചിഹ്നം വിദ്വേഷത്തിന്റെ പ്രതീകമാണ് എന്നും ഈ കുറ്റം ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു.

സെപ്തംബര്‍ രണ്ടിന് ബ്രസീല്‍ പ്രസിഡന്റിന്റെ മകന്‍ എഡ്വോര്‍ഡോ ബോള്‍സൊനാരോയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പോളണ്ടില്‍ നാസികളും പിന്നീട് കമ്യൂണിസ്റ്റുകളും കടന്നു കയറിയതിന്റെ ഓര്‍മ പുതുക്കിയായിരുന്നു ബില്‍ അവതരണം. നാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഫലം കൂട്ടക്കശാപ്പ് ആണ് എന്നും ബോള്‍സൊനാരോ കുറ്റപ്പെടുത്തി.

ഒമ്പത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വേണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്. നാസിസത്തിന്റേയും കമ്മ്യൂണിസത്തിന്റെയോ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ ഏതെങ്കില്‍ പൊതുസ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരുകളുണ്ടെങ്കില്‍ അത് മാറ്റണമെന്നും ബില്ലില്‍ പറയുന്നു.

നേരത്തെ, ചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തെ ഇദ്ദേഹം സ്വേച്ഛാധിപത്യം എന്നു വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ബ്രസീലും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. പിതാവും പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. ബോള്‍സോനാരോ അധികാരത്തിലേറിയതിന് ശേഷം അയല്‍രാജ്യങ്ങളായ വെനിസ്വേലയുമായും ക്യൂബയുമായുമുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരുന്നു.

Test User: