ലണ്ടന്‍ : സിസൈസ് ഫുട്‌ബോള്‍ ഒബ്‌സെര്‍വേറ്ററിയുടെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന താരം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍
ജൂനിയര്‍. പുതിയ പഠന പ്രകാരം 213 ദശലക്ഷം പൗണ്ടാണ് നെയ്യമറിന്റെ മൂല്യമായി കണക്കാപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു ഏറ്റവും വിലപ്പിടിപ്പുള്ളതാരം. പുതിയ പട്ടികയില്‍ മെസ്സി രണ്ടാം സ്ഥാനത്തുണ്ട്. 202.2 ദശലക്ഷം പൗണ്ടാണ് മെസ്സിയുടെ മൂല്യം. 194.7 മൂല്യം കണക്കാപ്പെടുന്ന ടോട്ടന്‍ഹാമിന്റെ മിന്നും സ്‌ട്രൈക്കര്‍ ഹാരി കെയ്‌നാണ് മൂന്നാം സ്ഥാനത്ത്. അതേസമയം 71 ദശലക്ഷം വിലമതിപ്പുള്ള നിലവിലെ ലോകഫുട്‌ബോളറും റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പട്ടികയില്‍ 49-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന ക്രിസ്റ്റിയനോക്ക് നടപ്പു സീസണിലെ മോശം ഫോമാണ് തിരിച്ചടിയായത്.
യൂറോപിലെ പ്രമുഖ ലീഗുകളായ ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ മുന്‍നിര ലീഗിലെ താരങ്ങളുടെ പ്രായം, സ്ഥാനം, കരാര്‍ ദൈര്‍ഘ്യം, പ്രകടനം, അന്താരാഷ്ട്ര സ്റ്റാറ്റസ് എന്നിവയെ ആസ്പദമാക്കി ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററി വര്‍ഷാവര്‍ഷം നടത്തുന്ന പഠനത്തിലെ ഏറ്റവും പുതിയ കണക്കാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പി.എസ്.ജിയുടെ തന്നെ കെയ്‌ലിന്‍ എംബാപെയാണ് (192.5 ദശലക്ഷം) നാലാം സ്ഥാനത്ത്. പൗലോ ഡയബാല (യുവന്റസ്, അര്‍ജന്റീന 174.6), ഡെലി അലി (ടോട്ടന്‍ഹാം, ഇംഗ്ലണ്ട് 171.3), കെവിന്‍ ഡിബ്രൂണോ (മാഞ്ച. സിറ്റി, ബെല്‍ജിയം 167.8), റൊമേലു ലുക്കാക്കൂ ( മാഞ്ച. യുണൈറ്റഡ്, ബെല്‍ജിയം 164.8), ആന്റണിയോ ഗ്രീസ്മാന്‍ (അത്.മാഡ്രിഡ്, ഫ്രാന്‍സ് 150.2), പോള്‍ പോഗ്ബ (മാഞ്ച. യുണൈറ്റഡ്, ഫ്രാന്‍സ് 147.5) എന്നിവരാണ് യഥാക്രമം അഞ്ചു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.
കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ വിട്ട് ബാര്‍സയിലേക്ക് ചേക്കേറിയ ഫിലിപ്പെ കുട്ടീഞ്ഞോ പതിനാറം സ്ഥാനത്താണ്. 108.25ദശക്ഷം പൗണ്ടാണ് താരത്തിന്റെ മൂല്യമായി കണക്കാക്കിയത്.അതേസമയം 160 ദശലക്ഷം പൗണ്ടാണ് ബാര്‍സ കുട്ടീഞ്ഞോക്കായി ചിലവിട്ടത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 13 താരങ്ങള്‍ ആദ്യ ഇരുപതില്‍ സ്ഥാനം നേടിയപ്പോള്‍ ഗ്ലാമര്‍ താരങ്ങള്‍ പന്തു തടുന്ന സ്പാനിഷ് ലീഗില്‍ നിന്നും നാലു താരങ്ങള്‍ മാത്രമാണ് ഇടംനേടിയത്. ഫ്രഞ്ച് ലീഗില്‍ നിന്നും രണ്ടും ഇറ്റലിയില്‍ ഒന്നും വീതം താരങ്ങള്‍ ഇടം നേടി. 21-ാം സ്ഥാനത്തുള്ള ബയേണിന്റെ പോളീഷ് താരം റോബര്‍ട്ട് ലെവന്റ്റോസ്‌കിയാണ്(95)ജര്‍മ്മനിയിലെ ഏറ്റവും വിലപിടിപ്പുള്ള താരം.