X

ബ്രസീല്‍ ഇന്ന് കാമറൂണിനെതിരെ

ലുസൈലില്‍ ബ്രസീലിന് ടെന്‍ഷന്‍ തെല്ലുമില്ല. കോച്ച് ടിറ്റേ ആര്‍ക്കെല്ലാം കളിക്കാന്‍ അവസരം നല്‍കും എന്നത് മാത്രമാണ് ചോദ്യം. ആദ്യ മല്‍സരത്തില്‍ പരുക്കേറ്റ നെയ്മറിനെ അദ്ദേഹം ഇറക്കില്ലെന്നുറപ്പ്. നെയ്മറില്ലാതെ കളിച്ച ബ്രസീല്‍ സ്വിസുകാര്‍ക്കെതിരെ നിറം മങ്ങിയിരുന്നു. തന്റെ പ്രധാന മുന്‍നിരക്കാരന്‍ പൂര്‍ണ ആരോഗ്യത്തോടെ വരാന്‍ കാത്തിരിക്കയാണ് ടിറ്റേ. കാമറൂണ്‍ സംഘത്തിന് പ്രതീക്ഷകളുണ്ട്.

ബ്രസീലിനെ തോല്‍പ്പിക്കാനായാല്‍ അവര്‍ക്ക് നോക്കൗട്ട് പ്രതീക്ഷയുണ്ട്. നിലവിലെ ടേബിളില്‍ ബ്രസീലിന് (6) താഴെ സ്വിസുകാരാണ് (3). അവരിന്ന് സെര്‍ബിയയെ നേരിടുമ്പോള്‍ സാധ്യതകള്‍ സജീവമാണ്. പക്ഷേ കാമറൂണിന് ജയിക്കണം. അതും ബ്രസീലിനോട്. നിലവിലെ ഫോമില്‍ ബ്രസീലിനെ വീഴ്ത്തുക എളുപ്പമല്ല. പക്ഷേ കഴിഞ്ഞ ദിവസം ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തുണീഷ്യക്കാര്‍ തോല്‍പ്പിച്ച ചരിത്രവുമുണ്ട്. റോജര്‍ മില്ലറുടെ ചരിത്രമുണ്ട് കാമറൂണിന്.

അസംഭവ്യമെന്നത് അവരുടെ അജണ്ടയില്‍ ഇല്ല, വിസന്‍ഡെ അബുബക്കറും സംഘവും പോരാട്ട വീര്യമുളളവരാണ്. സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ 1-3ന് പിറകില്‍ നിന്ന ശേഷമായിരുന്നു അവര്‍ 3-3 ലെത്തിയത്. ഇന്നും നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നിരിക്കെ ബ്രസീലിനെ വിറപ്പിക്കാനാവുമെന്ന വിശ്വാസം ടീമിനുണ്ട്. ടിറ്റേ പറയുന്നത് കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ്. ലോകകപ്പാണ്. എല്ലാവരും ഏറ്റവും മികച്ച ഫോമിലാണ് കളിക്കുക. അതിനാല്‍ ജാഗ്രതക്കൊപ്പം കരുത്തോടെ കളിക്കണം. ആദ്യ മല്‍സരത്തില്‍ സെര്‍ബിയക്കെതിരെ റിച്ചാര്‍ലിസണ്‍ ഗംഭീര ഫോമിലായിരുന്നു. പക്ഷേ അവസാന മല്‍സരത്തില്‍ അദ്ദേഹത്തിന് അതേ മികവ് പുലര്‍ത്താനായിരുന്നില്ല.

വിനീഷ്യസ് ജൂനിയറും ഇത് വരെ ഗോളിലേക്ക് വന്നിട്ടില്ല. റയല്‍ മാഡ്രിഡിന് വേണ്ടി സീസണില്‍ ഗോള്‍ വേട്ട നടത്തിയ യുവ സ്‌ട്രൈക്കറെ കൂടാതെ റഫീഞ്ഞോയെ പോലുള്ളവരും നോക്കൗട്ടിന് മുമ്പ് ഫോമിലേക്ക് വരുന്നതും കാത്തിരിക്കയാണ് ആരാധകര്‍. പുലര്‍ച്ചെ 12.30 നാണ് മല്‍സരം.

Test User: