റോസ്‌റ്റോവ്: റഷ്യന്‍ ലോകകപ്പില്‍ കിരീട പ്രതീക്ഷകളുമായെത്തിയ വമ്പന്‍മാരുടെ കഷ്ടകാലം തുടരുന്നു. അര്‍ജന്റീനക്ക് പിന്നാലെ ബ്രസീലും സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് ഇയിലെ രണ്ടാം മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലണ്ടാണ് ബ്രസീലിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 20-ാം മിനിറ്റില്‍ ഫിലിപ്പ് കുടീഞ്ഞോ നേടിയ മികച്ച ഗോളിലൂടെ ബ്രസീലാണ് ലീഡ് നേടിയത്. 50-ാം മിനിറ്റില്‍ സ്യൂബര്‍ നേടിയ ഗോളിലൂടെ സമനില പിടിച്ച സ്വിറ്റ്‌സര്‍ലണ്ട് ശക്തമായ ഡിഫന്‍സിലൂടെ മല്‍സരം സമനിലയിലാക്കി.
മാഴ്‌സലോയുടെ പാസ് ക്ലിയര്‍ ചെയ്യാനുള്ള സ്വിസ് ഡിഫന്‍ഡറുടെ ശ്രമമാണ് പന്ത് കുട്ടീന്യോയുടെ കാലുകളിലെത്തിച്ചത്. രണ്ടാമതൊന്നാലോചിക്കാതെ കുട്ടീന്യോ തൊടുത്ത ഷോട്ട് സ്വിസ് പ്രതിരോധ നിരക്ക് മുകളിലൂടെ സ്വിറ്റ്‌സര്‍ലണ്ടിന്റെ വലയില്‍ പതിച്ചു. ഷാക്കിരിയുടെ കോര്‍ണര്‍ കൃത്യമായി വലയിലേക്ക് കുത്തിയിട്ടാണ് സ്യൂബര്‍ സ്വിറ്റ്‌സര്‍ലണ്ടിന് സമനില സമ്മാനിച്ചത്.
പ്രതിരോധത്തില്‍ കേന്ദ്രീകരിച്ച് കളിക്കുമ്പോഴും മനോഹരമായ മുന്നേറ്റങ്ങളും സ്വിറ്റ്‌സര്‍ലണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായി. അര്‍ജന്റീന-ഐസ്‌ലന്‍ഡ് മത്സരത്തില്‍ മെസ്സിയെ പൂട്ടിയതിന് സമാനമായിരുന്നു ഇന്നലെയും കാര്യങ്ങള്‍. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ശക്തമായ പ്രതിരോധക്കോട്ട കെട്ടിയാണ് സ്വിസ് താരങ്ങള്‍ തടഞ്ഞത്. നിരവധി തവണ നെയ്മര്‍ ഫൗളിന് വിധേയനായി. സ്വിസ് താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന നാല് മഞ്ഞക്കാര്‍ഡുകളും നെയ്മറെ ഫൗള്‍ ചെയ്തതിനായിരുന്നു.