റിയോ ഡി ജനീറോ: ലോകം മുഴുവന്‍ ഫലപ്രദമായ കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിലാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണെങ്കില്‍ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫലപ്രദമായ നടപടികള്‍ എടുക്കാത്തതിന്റെ പേരില്‍ നിരന്തരം വിമര്‍ശനമേറ്റു വാങ്ങിയ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ കോവിഡ് വാക്സിനെക്കുറിച്ചും വലിയ മതിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. വാക്സിന്റെ കാര്യത്തില്‍ വലിയ സംശയങ്ങള്‍ പലവട്ടം ഉന്നയിച്ച ആളാണ് ബ്രസീല്‍ പ്രസിഡന്റ്.
ഇപ്പോഴിതാ വാക്സിന്‍ സംബന്ധിച്ച് പ്രസിഡന്റ് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ വീണ്ടും വിവാദമായി. വാക്സിന്‍ എടുക്കാന്‍ താന്‍ ബ്രസീല്‍ ജനതയെ നിര്‍ബന്ധിക്കില്ലെന്ന് ബൊല്‍സൊനാരോ പറയുന്നു. സ്വയം വാക്സിന്‍ സ്വീകരിക്കാന്‍ പോലും തനിക്ക് ഉദ്ദേശമില്ലെന്ന നിലപാടിലാണ് പ്രസിഡന്റ്.
‘ഞാന്‍ നിങ്ങളോട് പറയുകയാണ്. ഞാന്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ല. അതെന്റെ അവകാശമാണ്- ബൊല്‍സൊനാരോ പറഞ്ഞു.
മാസ്‌ക് ധരിക്കുന്നത് കോവിഡ് വ്യാപനം തടയാന്‍ കഴിയുമെന്നതും അദ്ദേഹം തള്ളിക്കളഞ്ഞു. വൈറസിനെ അകറ്റാന്‍ മാസ്‌കിന് കഴിയുമെന്ന തെളിവുകളൊന്നും ഇല്ലെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ കണ്ടെത്തല്‍. ബ്രസീല്‍ ജനതയ്ക്ക് വാക്സിന്‍ ആവശ്യമില്ലെന്ന നിലപാട് നേരത്തെ തന്നെ പ്രസിഡന്റ് സ്വീകരിച്ചിരുന്നു.