സൂറിച്ച്: പുതിയ ഫിഫ റാങ്കിങ്ങില്‍ ബ്രസീലിന് നേട്ടം. ഒരു മാസത്തിന് ശേഷം ബ്രസീല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ബ്രസീലിന്റെ ഈ നേട്ടം.
അര്‍ജന്റീന മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ടീം നാലാം സ്ഥാനത്തു നിന്നും രണ്ട് സ്ഥാനം പിന്നോട്ട് തള്ളി ആറാം സ്ഥാനത്തേയ്ക്ക് വീണു. സ്വിറ്റ്‌സര്‍ലന്‍ഡും പോളണ്ടും ഒരു സ്ഥാനം വീതം മുന്നേറി നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി. ചിലി (ഏഴ്) കൊളംബിയ (എട്ട്), ബെല്‍ജിയം (9) ഫ്രാന്‍സ് (10) എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. മുന്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിന്‍ 11ലും ഇറ്റലി 12-ാം സ്ഥാനത്തുമാണ്. ഒരു സ്ഥാനം പിന്നാക്കം പോയി 24-ാം സ്ഥാനത്തു നില്‍ക്കുന്ന ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ റാങ്കിങില്‍ മുന്നില്‍. അതേ സമയം പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഒരു സ്ഥാനം പിന്നോട്ടിറങ്ങി 97-ാം സ്ഥാനത്താണ് നിലവില്‍ ടീം ഇന്ത്യ. കഴിഞ്ഞ മാസമാണ് 21 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം എത്തിയത്. ഒരു മാസത്തിനിടെ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാത്തതാണ് ഇന്ത്യയ്ക്ക് വിനയായത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് നേപ്പാളിനെതിരെയാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്ന് 2-0ന് വിജയിച്ചിരുന്നു. 341 പോയിന്റാണ് ഇന്ത്യയ്ക്ക് നിലവില്‍ ഉളളത്.
നാല് പോയിന്റ് കൂടുതലുളള സാംബിയയാണ് ഇന്ത്യയ്ക്ക് മുന്നില്‍ 96ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 171-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് നീലപ്പട 97ല്‍ എത്തിനില്‍ക്കുന്നത്. ഈ മാസം 19 മുതല്‍ 27 വരെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി.
മൗറീഷ്യസ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് ടീമുകളാണ് ഇന്ത്യയെ കൂടാതെ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ടൂര്‍ണമെന്റിനു ശേഷം ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ഫലസ്തീന്‍ സൗഹൃദ മത്സരവും നടക്കും.