947 സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്ക് വിജയം പ്രവചിക്കുന്നവര്‍ കേവലം ഒരു ശതമാനം മാത്രം. ആ ഒരു ശതമാനക്കാരോട് ഖത്തറിലുള്ള കൊറിയക്കാര്‍ സൗമ്യയമായി പറയുന്നു- നിങ്ങള്‍ കാത്തിരിക്കുക. ബ്രസീലിനെ കൊറിയ തോല്‍പ്പിക്കുമെന്ന വീരവാദമൊന്നും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നില്ല. പക്ഷേ സ്വന്തം ടീമിന്റെ ഐതിഹാസിക യാത്രയില്‍ അവര്‍ പ്രകടിപ്പിക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചവരാണ്. സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും തല താഴ്ത്തിയെങ്കില്‍ ബ്രസീലിനെ പേടിപ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് കൊറിയക്കാര്‍ പറയുന്നത്. പക്ഷേ അവിടെയും ഒരു വീരവാദത്തിനും അവര്‍ മുതിരുന്നില്ല എന്നതാണ് ആ നാടിന്റെ എളിമ.
കപ്പ് സ്വന്തമാക്കാന്‍ വന്നവരാണ് ബ്രസീല്‍. 2002 ന് ശേഷം അത് കിട്ടിയിട്ടില്ല. ഇത്തവണ ഉഗ്ര സംഘവുമായാണ് ടിറ്റേ എത്തിയത്. പക്ഷേ അവസാന മല്‍സരത്തിലെ തോല്‍വി ക്ഷീണമായി. കാമറൂണുകാര്‍ ഖത്തറിന്റെ മനം കവര്‍ന്നാണ് മടങ്ങിയത്. വിന്‍സന്റ് അബൂബക്കര്‍ എന്ന മുന്‍നിരക്കാരന്‍ അവസാനത്തില്‍ നേടിയ ആ ഗോളും ചുവപ്പ് കാര്‍ഡുമെല്ലം ഫുട്ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്തിരിക്കുന്നു. മുന്‍നിരക്കാര്‍ക്ക് വിശ്രമം നല്‍കിയാണ് ടിറ്റേ കാമറൂണിനെതിരെ കളിക്കാനിറങ്ങിയത്. അത് ക്ലിക് ചെയ്തില്ല. ഇന്ന് നെയ്മര്‍ ഉള്‍പ്പെടെ എല്ലാവരും മൈതാനത്തുണ്ട്. ആദ്യ മല്‍സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചതിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിനെതിരായ രണ്ടാം മല്‍സരത്തില്‍ ബ്രസീല്‍ നിറം മങ്ങിയിരുന്നു. ഇന്ന് നോക്കൗട്ടാണ്.
പതിവ് കരുത്തില്‍ തന്നെ കളിക്കാത്തപക്ഷം അത് വലിയ തിരിച്ചടിയാവും. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ആത്മവിശ്വാസത്തിലായിരുന്നു കോച്ച്. പരുക്കിന്റെ ചെറിയ പ്രശ്നങ്ങളുണ്ട്. പക്ഷേ പ്രധാന താരങ്ങളെല്ലാം കളിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കാമറൂണിനെതിരായ തോല്‍വിയില്‍ പ്രതികരിക്കവെ തോല്‍വി തോല്‍വിയാണെന്നും അതില്‍ നിന്നും ചില നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവുമെന്നുമായിരുന്നു മറുപടി. നായകന്‍ സണ്‍ തന്നെ കൊറിയക്കാരുടെ തുരുപ്പ് ചീട്ട്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് നേടുന്ന തരത്തില്‍ വേഗതയില്‍ ഗോള്‍ നേടാന്‍ അദ്ദേഹത്തിന് ഖത്തറില്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ടീമിന്റെ വിലാസവും ആത്മവിശ്വാസവും സണ്‍ തന്നെ. ബ്രസീല്‍ ഡിഫന്‍സ് ഇന്ന് നോട്ടമിടുന്നത് ഈ താരത്തെ തന്നെയായിരിക്കും. മല്‍സരം രാത്രി 12-30 മുതല്‍. ദക്ഷിണ കൊറിയ ഇതുവരെ ഒന്‍പത് മത്സരങ്ങളാണ് ബ്രസീലിനെതിരെ കളിച്ചിട്ടുള്ളത്. 1999ല്‍ സൗഹൃദ മത്സരത്തില്‍ വിജയിച്ചതൊഴിച്ചാല്‍ ഒരു സമനിലയും ഏഴ് പരാജയങ്ങളുമാണ് ബ്രസീലിനോട് നേരിടേണ്ടി വന്നിട്ടുള്ളത്.