X

2022 ഫിഫ ലോകകപ്പ്: ഖത്തറിന്റെ ഒരുക്കങ്ങള്‍ വിസ്മയകരമെന്ന് ബ്രസീലിയന്‍ താരം കാഫു

ആര്‍ റിന്‍സ്

ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം കാഫു. ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് പ്രശംസനീയമാണ്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടപ്പാക്കിവരുന്ന മെഗാ പദ്ധതികളിലൂടെ മനോഹരമായ പരിവര്‍ത്തനമാണുണ്ടാകുന്നതെന്നും അതിനു സാക്ഷിയാകുന്നത് വിസ്മയകരമായ അനുഭവമാണെന്നും കാഫു പറഞ്ഞു. ഫുട്‌ബോള്‍ കളിക്കാര്‍ക്കും ആസ്വാദകര്‍ക്കും മികച്ച അനുഭവമായിരിക്കും ഖത്തര്‍ ലോകകപ്പെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കാഫു പറഞ്ഞു.

2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ജനറേഷന്‍ അമൈസിങ് പരിപാടിയെയും അദ്ദേഹം അഭിനന്ദിച്ചു. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ജനറേഷന്‍ അമൈസിങ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് രണ്ടുതവണ ഫിഫ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കാഫു ചൂണ്ടിക്കാട്ടി. 2002ല്‍ ബ്രസീല്‍ ഫിഫ ലോകകപ്പ് നേടുമ്പോള്‍ കാഫുവായിരുന്നു ക്യാപ്റ്റന്‍. ദോഹയില്‍ സുപ്രീംകമ്മിറ്റിയുടെ ലെഗസി പവലിയന്‍ സന്ദര്‍ശിച്ചശേഷമാണ് കാഫു ഇക്കാര്യം പറഞ്ഞത്. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍നിന്നുള്ള യുവജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച തന്റെ കാഫു ഫൗണ്ടേഷനും ജനറേഷന്‍ അമൈസിങും തമ്മിലുള്ള സാമ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കാഫുവിന്റെ ജന്‍മനാടായ സാവോപോളോയിലെ ജാര്‍ദിം ഐറീനിലാണ് കാഫു ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ കാഴ്ചപ്പാടും ലക്ഷ്യവും ദൗത്യവുമാണ് ജനറേഷന്‍ അമൈസിങും കാഫു ഫൗണ്ടേഷനും പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ ഉള്‍ച്ചേരല്‍ കൈവരിക്കുന്നതില്‍ കായിക മേഖല പൊതുവിലും ഫുട്‌ബോള്‍ പ്രത്യേകിച്ചും വലിയ പങ്കുവഹിക്കുന്നുണ്ട്. സവിശേഷമായ പദ്ധതികളിലൂടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ജനറേഷന്‍ അമൈസിങും കാഫു ഫൗ്‌ണ്ടേഷനും പ്രവര്‍ത്തിക്കുന്നത്. കുട്ടികളില്‍ സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറയ്ക്കുന്നതിനും ചെറുപ്പക്കാര്‍ക്ക് ഫുട്‌ബോള്‍ വഴി കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കാഫു പറയുന്നു. 2014ലെ ഫിഫ ലോകകപ്പിന്റെ സമയത്താണ് ജനറേഷന്‍ അമൈസിങ് ആദ്യമായി കാഫുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍നിന്നുള്ള ജനറേഷന്‍ അമൈസിങിന്റെ അംബാസഡര്‍മാര്‍ കാഫുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സ് നടന്ന സമയത്ത് കാഫു ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ബൂത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ബ്രസീലിനായി ഏറ്റവുമധികം രാജ്യാന്തര മത്സരം കളിച്ചിട്ടുള്ള താരമാണ് കാഫു. 142 മത്സരങ്ങളിലാണ് അദ്ദേഹം ബ്രസീലിനായി രാജ്യാന്തര ജഴസിയണിഞ്ഞത്. സുപ്രീംകമ്മിറ്റിയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ജനറനേഷന്‍ അമൈസിങ് അഞ്ചുരാജ്യങ്ങളിലായി 30000പേര്‍ക്ക് പ്രയോജനം നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ഫുട്‌ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന്‍ അമൈസിങിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന്‍ അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥികളിലെ ഫുട്‌ബോളിനുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ സ്വഭാവശൈലി രൂപപ്പെടുത്തുന്നതിലും പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്. അല്‍ഖോര്‍, ലേബര്‍ സിറ്റി എന്നിവിടങ്ങളില്‍ ജനറേഷന്‍ അമേസിങിന്റെ ആഭിമുഖ്യത്തില്‍ പരിശീലനപരിപാടികള്‍ നേരത്തെ നടപ്പാക്കിയിരുന്നു.

chandrika: