X

ഖത്തറില്‍ ഇന്ന് ബ്രസീല്‍ വീണ്ടുമിറങ്ങുന്നു

കാത്തിരിക്കുക. ഇന്ന് ബ്രസീല്‍ വീണ്ടുമിറങ്ങുന്നു. പ്രതിയോഗികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്. മല്‍സരം രാത്രി 9.30ന് 974 സ്‌റ്റേഡിയത്തില്‍. ആദ്യ മല്‍സരത്തില്‍ പൊരുതിയ സെര്‍ബിയയെ രണ്ട് ഗോളിന് മറിച്ചിട്ടിരുന്നു മഞ്ഞപ്പട. അന്നത്തെ ലുസൈല്‍ രാത്രിയില്‍ റിച്ചാര്‍ലിസണ്‍ നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകം മറന്നിട്ടില്ല. അന്നത്തെ സംഘത്തില്‍ നിന്നും ഗ്രൂപ്പ് ജിയിലെ രണ്ടാം മല്‍സരത്തിലേക്ക് വരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറില്ല. പരുക്ക് കാരണം പുറത്തായ അദ്ദേഹത്തിന് പകരം ആരെ ഇറക്കുമെന്ന കാര്യത്തില്‍ അന്തിമ വാക്ക് കോച്ച് ടിറ്റേയുടേതായാരിക്കും.

സ്വിറ്റ്‌സര്‍ലന്‍ഡുകാരും ആദ്യ മല്‍സരം ജയിച്ചവരാണ്. കാമറൂണിനെ ഒരു ഗോളിന് തോല്‍പ്പിച്ചവര്‍. ഷെര്‍ദാന്‍ ഷാക്കിരി സംഘം അട്ടിമറികളുടെ വക്താക്കളായതിനാല്‍ ബ്രസീല്‍ ജാഗ്രത പാലിക്കും. ഈ മല്‍സരം ജയിക്കുന്നവര്‍ക്ക് നോക്കൗട്ട് ഉറപ്പിക്കാം എന്നതാണ് വലിയ സവിശേഷത. ആദ്യ മല്‍സരം നല്‍കിയ സന്തോഷമാണ് ഇന്നലെ ടിറ്റേ വാര്‍ത്താ സമ്മേളനത്തില്‍ പങ്ക് വെച്ചത്. പ്രശ്‌നങ്ങളില്ലാത്ത മല്‍സരം. അട്ടിമറിക്കാര്‍ എന്ന ഖ്യാതിയുള്ള സെര്‍ബിയക്കെതിരെ ഇരു പകുതികളിലായി സമ്പൂര്‍ണ ആധിപത്യം. റിച്ചാര്‍ലിസണ്‍ സ്വന്തമാക്കിയ ഗോളാവട്ടെ ചാമ്പ്യന്‍ഷിപ്പിലെ ഗോളായി ഇതിനകം വാഴ്ത്തപ്പെട്ടിരിക്കുന്നു.

ആദ്യ മല്‍സരം ആരംഭിക്കുന്നതിന് മുമ്പ് റിച്ചാര്‍ലിസണ്‍ ആദ്യ ഇലവനില്‍ വേണമോ എന്ന ആശയക്കുഴപ്പം ടീം മാനേജ്‌മെന്റിനുണ്ടായിരുന്നു. എന്നാല്‍ കോച്ച് ടിറ്റേ വ്യക്തമായ നിലപാട് സ്വീകരിച്ചു. ടോട്ടനം താരം ആദ്യ ഇലവനില്‍ വേണമെന്ന്. അതിന്റെ മാറ്റമായിരുന്നു മല്‍സരത്തില്‍ കണ്ടത്. ടിറ്റേ കളിക്കാരോട് ആവശ്യപ്പെടുന്നത് കൂടുതല്‍ ഗോളുകളാണ്. മൂന്നാഴ്ച്ചക്ക് ശേഷം ലുസൈലില്‍ ഫൈനല്‍ കളിക്കണമെങ്കില്‍ ഗോളുകള്‍ തന്നെ നിര്‍ബന്ധമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

Test User: