X
    Categories: Culture

പൗളീഞ്ഞോ ഹാട്രിക്കില്‍ ബ്രസീലിന് വന്‍ജയം, ചിലിയെ മെസ്സി ഗോള്‍ വീഴ്ത്തി

മൊണ്ടിവിഡിയോ: ഉറുേേഗ്വയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് യോഗ്യതക്ക് തൊട്ടടുത്തെത്തി. ചൈനീസ് ക്ലബ്ബ് ഗുവാങ്ഷൂ എവര്‍ഗ്രാന്‍ഡെയുടെ മിഡ്ഫില്‍ഡര്‍ പൗളീഞ്ഞോയുടെ ഹാട്രിക്കാണ് മഞ്ഞപ്പടക്ക് എവേ ഗ്രൗണ്ടില്‍ വന്‍ ജയമൊരുക്കിയത്. ലയണല്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോളില്‍ ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന യോഗ്യതാ സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ പാരഗ്വായ് ഇക്വഡോറിനെ വീഴ്ത്തി.

മിന്നും ഫോമുമായി മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ശക്തമായി തിരിച്ചെത്തിയത്. 9-ാം മിനുട്ടില്‍ എഡിന്‍സന്‍ കവാനി ആതിഥേയരെ മുന്നിലെത്തിച്ചെങ്കിലും 19-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തുനിന്നുള്ള ലോങ് റേഞ്ചറില്‍ നിന്ന് പൗളീഞ്ഞോ ബ്രസീലിലിനെ ഒപ്പമെത്തിച്ചു. 52-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്ന് ലക്ഷ്യം കണ്ട താരം സന്ദര്‍ശകര്‍ക്ക് ലീഡ് നല്‍കി. 74-ാം മിനുട്ടില്‍ ജോവോ മിറാന്‍ഡയുടെ പാസില്‍ നിന്ന് നെയ്മര്‍ ലീഡുയര്‍ത്തിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ പൗളീഞ്ഞോ ഹാട്രിക് പൂര്‍ത്തിയാക്കി.

എയ്ഞ്ചല്‍ ഡിമരിയ ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിനു ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി അര്‍ജന്റീനക്ക് നിര്‍ണായക ജയം സമ്മാനിച്ചത്. കോപ അമേരിക്ക ഫൈനല്‍ ഷൂട്ടൗട്ടില്‍ പെനാല്‍ട്ടി തുലച്ച് അര്‍ജന്റീനയുടെ കിരീട നഷ്ടത്തിന് കാരണക്കാരനായ മെസ്സി, അന്നത്തേതു പോലെ പോസ്റ്റിന്റെ ഇടതുഭാഗത്തേക്കു തന്നെയാണ് പന്തടിച്ചത്.

ഇനി അഞ്ച് റൗണ്ട് മത്സരം കൂടി ശേഷിക്കെ 30 പോയിന്റുള്ള ബ്രസീല്‍ യോഗ്യത മിക്കവാറും ഉറപ്പാക്കി. ഒരു മത്സരം കൂടി ജയിച്ചാല്‍ അവര്‍ക്ക് റഷ്യയിലേക്ക് ടിക്കറ്റുറപ്പിക്കാം. 23 പോയിന്റോടെ ഉറുേേഗ്വ രണ്ടാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ 22 പോയിന്റുമായി അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. കൊളംബിയ (21), ഇക്വഡോര്‍ (20), ചിലി (20), പാരഗ്വായ് (18) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ആദ്യ നാല് സ്ഥാനക്കാരാണ് മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടുക. അഞ്ചാം സ്ഥാനത്തുള്ള ടീമിന് പ്ലേ ഓഫ് കളിക്കാം. രണ്ട് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം കുറവായതിനാല്‍ വരും റൗണ്ടുകളില്‍ കനത്ത പോരാട്ടമാവും നടക്കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: