X

പെറുവിനെയും തകര്‍ത്ത് ബ്രസീല്‍ മുന്നോട്ട്; മെസ്സിയുടെ മികവില്‍ അര്‍ജന്റീനക്ക് ജയം

ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ തകര്‍പ്പന്‍ ഫോം തുടരുന്നു. പെറുവിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുട്ടുകുത്തിച്ചാണ് ഒളിംപിക് ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അതേസമയം, കൊളംബിയയെ എതിരില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തി അര്‍ജന്റീന നാലു മത്സരങ്ങള്‍ക്കു ശേഷം ആദ്യജയം കണ്ടു. മറ്റൊരു മത്സരത്തില്‍ ചിലി ഉറുേേഗ്വയെ 3-1 ന് വീഴ്ത്തി.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 58-ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും 78-ാം മിനുട്ടില്‍ റെനറ്റോ ഓഗസ്‌റ്റോയുമാണ് ബ്രസീലിനു വേണ്ടി ഗോളുകള്‍ നേടിയത്. 12 മത്സരങ്ങളില്‍ നിന്ന് ബ്രസീലിന്റെ എട്ടാം ജയമാണിത്. വെറും ഒരു കളി മാത്രം തോറ്റ ബ്രസീല്‍ 27 പോയിന്റോടെ ലോകകപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കി.

കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനോട് തോറ്റ അര്‍ജന്റീന ശക്തമായി തിരിച്ചുവന്ന മത്സരമായിരുന്നു ഇന്നത്തേത്. ഒരു ഗോള്‍ നേടിയും രണ്ടെണ്ണത്തിന് വഴിയൊരുക്കിയും ലയണല്‍ മെസ്സി മികവിലേക്കുയര്‍ന്നു. ശക്തരായ കൊളംബിയക്കെതിരെ 10-ാം മിനുട്ടില്‍ മനോഹരമായ ഫ്രീകിക്കിലൂടെ മെസ്സി ആതിഥേയര്‍ക്ക് ലീഡ് നല്‍കി. 23-ാം മിനുട്ടില്‍ ലൂകാസ് പ്രാറ്റോയുടെയും 84-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയുടെയും ഗോളുകള്‍ക്ക് വഴിയൊരുക്കിയും നായകന്‍ തിളങ്ങി.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഉറുഗ്വേക്കെതിരെ ചിലിയുടെ ജയം. 17-ാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ പാസില്‍ നിന്ന് എഡിന്‍സന്‍ കവാനിയാണ് സന്ദര്‍ശകര്‍ക്ക് ലീഡ് നല്‍കിയത്. എന്നാല്‍ ആദ്യപകുതിയുടെ
അവസാന നിമിഷം എഡ്വാഡോ വാര്‍ഗസ് കോപ ചാമ്പ്യന്മാരെ ഒപ്പമെത്തി. 60, 76 മിനുട്ടുകളില്‍ അലക്‌സിസ് സാഞ്ചസിന്റെ ഗോളുകള്‍ ചിലിയുടെ ജയം ഉറപ്പുവരുത്തി.

12 മത്സരം പിന്നിട്ടപ്പോള്‍ 27 പോയിന്റോടെ ബ്രസീല്‍ ഒന്നും 23 പോയിന്റോടെ ഉറുഗ്വേ രണ്ടും സ്ഥാനങ്ങളിലാണ്. ഇക്വഡോര്‍ (20), ചിലി (20) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 19 പോയിന്റോടെ അര്‍ജന്റീന അഞ്ചാം സ്ഥാനത്തുണ്ട്.

ഓരോ ടീമിനും ആറു മത്സരം കൂടി ശേഷിക്കെ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകള്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിച്ചും ലോകകപ്പ് യോഗ്യത നേടാം.

chandrika: