X

അപരാജിതരായി മഞ്ഞപ്പട

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ദുര്‍ബലരായ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ബ്രന്നറിന്റെ ബൂട്ടില്‍ നിന്ന്് ഇരട്ട ഗോളുകള്‍ പിറന്നു (11*, 57*). 44ാം മിനുറ്റില്‍ അന്റോണിയോയും വല കുലുക്കി. തുടര്‍ച്ചയായ നാലാം തവണയാണ് ബ്രസീല്‍ കൗമാരകപ്പിന്റെ അവസാന എട്ടിലെത്തുന്നത്. 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനിയുമായാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പോര്. ഇതേ ദിവസം കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാന്‍ സ്‌പെയിനിനെ നേരിടും. മത്സരത്തിനായി ഇരുടീമുകളും ഇന്നലെ കൊച്ചിയിലെത്തി. പ്രതീക്ഷക്കൊത്ത കളിയല്ല ഇന്നലെ ബ്രസീലില്‍ നിന്നുണ്ടായത്. ഹോണ്ടുറാസിന്റെ ദൗര്‍ബല്യത്തെ കാര്യമായി ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. ഹോണ്ടുറാസ് പ്രതിരോധം ചിതറി നിന്നു. അവസരങ്ങള്‍ നിരന്തരം കാനറികളെ തേടിയെത്തി. അലക്ഷ്യമായ ഷോട്ടുകളായിരുന്നു ഏറെയും.
ഹോണ്ടുറാസാണ് ഗോളിനായി ആദ്യം ശ്രമം നടത്തിയത്. പതിയെ ബ്രസീല്‍ പന്തിന്‍ മേല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അഞ്ചാം മിനുറ്റില്‍ ലിങ്കണ്‍ വെടിക്കെട്ടിന് തിരി കൊളുത്തി. ഹോണ്ടുറാസ് ഗോളി അലക്‌സ് റിവേര ആ ശ്രമം വിഫലമാക്കി. 11ാം മിനുറ്റില്‍ വലതു വിങ് കേന്ദ്രീകരിച്ചുള്ള കളിക്ക് ഫലം കിട്ടി. വലതുപാര്‍ശ്വത്തിലൂടെ മുന്നേറിയ അന്റോണിയോ കോര്‍ണറില്‍ പന്ത്് വരുതിയിലാക്കി അലന് നല്‍കി. രണ്ടടി മുന്നില്‍ കയറിയ അലന്‍ ഹോണ്ടുറാസ് പ്രതിരോധത്തിലെ വിടവ് മനസിലാക്കി. പിന്നില്‍ നില്‍ക്കുകയായിരുന്ന വെസ്ലിക്ക് പന്ത് തട്ടിയശേഷം ബോക്്‌സിനകത്തേക്ക്. വെസ്ലി കൃത്യമായി അലന് പന്ത് തിരിച്ചു നല്‍കി. ഇടതുഭാഗത്ത് ഒഴിഞ്ഞുനിന്ന ബ്രെന്നര്‍ക്ക് കുറിയൊരു ക്രോസ്. ബ്രെന്നറുടെ പ്രഹരം തടുക്കാന്‍ ഗോളിക്കായില്ല. പന്ത് വലയില്‍, (1-0). തുടര്‍ച്ചയായ ആക്രമണങ്ങളായിരുന്നു പിന്നീട്, പ്രതിരോധത്തില്‍ മാത്രം കാര്യമില്ലെന്ന് ഹോണ്ടുറാസിന് ബോധ്യമായി. എവേഴ്‌സണ്‍ ലോപസും ലൂയിസ് പാല്‍മയും ഗെര്‍സണ്‍ ചാവേസും ബ്രസീല്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോയെ പരീക്ഷിച്ചു.
44ാം മിനുറ്റില്‍ ബ്രസീല്‍ ലീഡുയര്‍ത്തി. ഇത്തവണ ഗോള്‍ നീക്കമുണ്ടായത് ഇടതുവിങില്‍ അലന്റെയും-പൗളീന്യോയുടെയും ബൂട്ടുകളില്‍ നിന്ന്. പന്ത് ബോക്‌സിന്റെ അകത്ത് നിന്ന് തന്നെ പൗളീന്യോ കൃത്യമായി മാര്‍ക്കോസ് അന്റോണിയോക്ക് മറിച്ചു നല്‍കി. ഓഫ്‌സൈഡാണെന്ന് കരുതി ഹോണ്ടുറാസ് പ്രതിരോധം അന്റോണിയോയെ മാര്‍ക്ക് ചെയ്തിരുന്നില്ല. ഷോട്ട്് തടുക്കാന്‍ ഗോളി മുന്നില്‍ കയറി. ലക്ഷ്യത്തിലേക്ക് നീങ്ങിയ പന്തിനെ തടുക്കാന്‍ പ്രതിരോധ താരവും വലക്ക് മുന്നില്‍ ഓടിക്കയറി. അതിനു മുമ്പേ പന്ത് വലയില്‍ വിശ്രമിച്ചു, (2-0).
രണ്ടാം പകുതിയില്‍ ആക്രമണം നിര്‍ത്തി ബ്രസീലിന്റെ ഗോള്‍വേട്ട തടയാന്‍ രണ്ടാം പകുതിയില്‍ ഹോണ്ടുറാസ് ആവത് ശ്രമിച്ചു. അവരുടെ ദൗര്‍ബല്യങ്ങള്‍ ബ്രസീലിന്റെ കളിയൊഴുക്കിനെ തടയാതെ നിര്‍ത്തി. 56ാം മിനുറ്റില്‍ വെസ്ലിയുടെ ശ്രമം പ്രതിരോധിച്ച് ഗോളി തട്ടിയകറ്റിയ പന്ത് കിട്ടിയത് വലക്ക് മുന്നില്‍ നിന്ന് ബ്രന്നറിന്. ഞൊടിയിടയില്‍ പന്ത് വലയിലുമെത്തി, (3-0). ടൂര്‍ണമെന്റില്‍ ബ്രന്നറിന്റെ മൂന്നാം ഗോള്‍. ഹോണ്ടുറാസ് നിരയില്‍ ഗോളടിക്കാന്‍ മിടുക്കരായ കാര്‍ലോസ് മെജിയക്കും പാട്രിക് പലാഷ്യോസിനും പന്ത് കിട്ടിയതേയില്ല, രണ്ടാം പകുതിയില്‍ കിട്ടിയൊരു അവസരം മെജിയ മനോഹരമായി ഉപയോഗപ്പെടുത്തി. ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത സുന്ദരമായ ലോങ്‌ഷോട്ട്് പക്ഷേ പോസ്റ്റിന്റെ ഇടതുവശം തട്ടിയകന്നു. അലന്‍ ഡിസോസ-വിക്ടര്‍ ബോബ്‌സണ്‍-മാര്‍കസ് അന്റോണിയോ എന്നിവരായിരുന്നു ബ്രസീല്‍ കോച്ച് കാര്‍ലോസ് അമദ്യുവിന്റെ തന്ത്രങ്ങള്‍ നടപ്പാക്കിയത്. ബ്രസീലിന്റെ ഒഴുക്കുള്ളതും അച്ചടക്കം നിറഞ്ഞതുമായ കളിക്ക് മൂന്ന് പേരും നിര്‍ണായക പങ്കു വഹിച്ചു.

chandrika: