കസാന്‍: ആവേശം അവസാന നിമിഷം വരെ തിരതല്ലിയ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമി ഫൈനലില്‍ പറങ്കിപ്പടയെ കീഴടക്കി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി ഫൈനലില്‍ പ്രവേശിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോയുടെ മികവാണ് ചിലിയെ രക്ഷപ്പെടുത്തിയത്. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ 3-0നാണ് ചിലിയുടെ വിജയം. അര്‍തുറോ വിതാല്‍, അരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ചിലിക്കു വേണ്ടി വല ചലിപ്പിച്ചപ്പോള്‍ പോര്‍ച്ചുഗലിനായി കിക്കെടുത്ത റിക്കാര്‍ഡോ ക്വറെയ്‌മോ, സാന്റോസ് മൗടീഞ്ഞോ, നാനി എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. മൂവരുടേയും കിക്ക് ബ്രാവോ തടുത്തിട്ടു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി ഓപണ്‍ ചാന്‍സുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ ഇരു ടീമുകളും അമ്പേ പരാജയപ്പെടുകയായിരുന്നു. ആറാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിന്റെ പാസില്‍ നിന്നും വര്‍ഗാസിന് ലഭിച്ച സുവര്‍ണാവസരം പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ പാട്രിയോ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ ക്രോസ് ലക്ഷ്യത്തിലെത്തിക്കാന്‍ ആന്ദ്രേ സില്‍വയ്ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്‍ ചിലിയുടെ മുന്നേറ്റങ്ങള്‍ക്കാണ് കസാന്‍ കൂടുതല്‍ സാക്ഷ്യം വഹിച്ചത്. സാഞ്ചസും വിദാലും വര്‍ഗാസും അവസരങ്ങള്‍ തുലക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ചിലി പലപ്പോഴും ലക്ഷ്യത്തിന് അടുത്തുവരെ എത്തി പോര്‍ച്ചുഗീസ് ഗോളിക്കു മുന്നില്‍ കീഴടങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്.
നിശ്ചിത 90 മിനിറ്റിലും ആരും ഗോളുകള്‍ കണ്ടെത്താതിരുന്നതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. എക്‌സ്ട്രാ ടൈമിലും ചിലിയുടേതായിരുന്നു കൂടുതല്‍ അപകടകരമായ നീക്കങ്ങള്‍ സാഞ്ചസിന്റെ ഹെഡര്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്കു പോയപ്പോള്‍ അധിക സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വിദാലിന്റെ ഷോട്ട് പോസ്റ്റിലടിച്ച് മടങ്ങി. പന്ത് ലഭിച്ച റോഡ്രിഗസ് പോസ്റ്റിലേക്ക് തിരിച്ചു വിട്ടെങ്കിലും ഷോട്ട് ബാറിലടിച്ച് മടങ്ങി. തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു വഴിമാറുകയായിരുന്നു.
ചിലിയുടെ ആദ്യ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലാണിത്. ജര്‍മ്മനി-മെക്‌സിക്കോ മത്സര വിജയിയെയാണ് ചിലി ഫൈനലില്‍ നേരിടുക.
- 7 years ago
chandrika
Categories:
Video Stories
പറങ്കികളെ തടഞ്ഞ് ബ്രാവോ
Tags: Confederation cup