സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം. അമ്പലപ്പുഴ കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്‍സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്. തനിക്ക് നേരിട്ട ദുരനുഭവം സുഹൃത്തിനോട് വിശദീകരിക്കുന്ന അന്‍സറിന്റെ ശബ്ദരേഖ പുറത്തായി.എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു എ പി ഗുരുലാലിന്റെ പ്രതികരണം.
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് സി.പി.എം കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറിയും െ്രെഡവിംഗ് തൊഴിലാളിയുമായ അന്‍സര്‍ ഉച്ച ഭക്ഷണത്തിനായി അമ്പലപ്പുഴ ഏരിയാ കമ്മറ്റി ഓഫീസില്‍ എത്തുന്നത്. വിളമ്പിവെച്ച ആഹാരം കഴിക്കാനെടുത്തപ്പോഴാണ് പാര്‍ട്ടി ഓഫീസിലെ ചോറുണ്ണുന്നോടാ എന്നാക്രോശിച്ച് ഏരിയാ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കുത്തിന് പിടിച്ച് ഓഫീസിന് പുറത്തേക്ക് തന്നെ തള്ളിയതെന്നാണ് പരാതി. പാര്‍ട്ടിയെ ബഹുമാനിക്കുന്നതിനാലാണ് പ്രതികരിക്കാതെ കണ്ണീരോടെ ഇറങ്ങിയതെന്ന് ബ്രാഞ്ച് സെക്രട്ടറി പറയുന്നു.
വിശ്വസിച്ച പ്രസ്ഥാനത്തിന്റെ അഭയ കേന്ദ്രത്തില്‍ തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെ സിപിഎം സംസ്ഥാന സെക്രട്ടറിയെ എം വി ഗോവിന്ദനെ വിളിച്ചറിയിച്ചു. എംവി ഗോവിന്ദന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആര്‍ നാസറിനെ സമീപിച്ചു.സംഭവം വിവാദമായതോടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അമ്പലപ്പുഴ ഏരിയാ സെന്റര്‍ യോഗം തത്ക്കാലം വിഷയം ചര്‍ച്ചയാക്കേണ്ടെന്ന നേതാക്കളുടെ നിര്‍ദ്ദേശത്താല്‍ ഒതുക്കി തീര്‍ക്കാനായിരുന്നു തീരുമാനം.
വിയോജിപ്പ് ഉയര്‍ന്നതോടെ കമ്മറ്റി അലസിപ്പിരിഞ്ഞു. പാര്‍ട്ടി നേതൃത്വം ബോധപൂര്‍വ്വമായ മൗനം തുടര്‍ന്നതോടെ ആരോപണ വിധേയനായ എ.പി ഗുരു ലാലിനെതിരെ പരസ്യ പ്രതിഷേധവുമായി പാര്‍ട്ടി അംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
സജീവ സംഘടനാ പ്രവര്‍ത്തനത്തിന് പുറമെ രക്തദാനം അടക്കം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകനുണ്ടായ ദുരവസ്ഥയും , നേതാക്കന്‍മാരുടെ മൗനവും കടുത്ത അമര്‍ഷമാണ് അമ്പലപ്പുഴയിലെ പ്രവര്‍ത്തകരില്‍ ഉണ്ടാക്കുന്നത്.എന്നാല്‍ സംഭവം അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ആരോപണ വിധേയനായ എ.പി ഗുരു ലാലിന്റെ പ്രതികരണം.