X

ബ്രാഞ്ച് സമ്മേളനങ്ങള്‍ ഏശുന്നില്ല; ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി

സിപിഎമ്മിനെ വീണ്ടും മുള്‍ മുനയില്‍ നിര്‍ത്തുകയാണ് ആലപ്പുഴ. ജില്ലയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി മൂന്ന്‌ ദിവസത്തിനകം എണ്‍പതിലേറെപ്പേരാണ് രാജിവെച്ചത്. മുതിര്‍ന്ന നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ ഫലം കണ്ടതുമില്ല.
അരൂക്കുറ്റി വടുതല ലോക്കല്‍ കമ്മിറ്റി പരിധിയില്‍ 47 അംഗങ്ങളും ഹരിപ്പാട് കുമാരപുരം തെക്ക് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ 36 പേരുമാണു പാര്‍ട്ടി വിട്ടത്.

വടുതല ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ആദ്യം 4 അംഗങ്ങളും പിന്നാലെ 12 ബ്രാഞ്ചുകളില്‍ നിന്നായി 47 അംഗങ്ങളുമാണു പാര്‍ട്ടി വിട്ടത്. സമ്മേളനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ കായംകുളം പുള്ളിക്കണക്കില്‍ 12 പേര്‍ രാജിവച്ചിരുന്നു. രണ്ടിടത്തും കൂടുതല്‍പേര്‍ രാജിക്കൊരുങ്ങി നില്‍ക്കുകയും ചെയ്യുന്നുണ്ട്.

പല സമ്മേളനങ്ങളിലും സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത്. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുന്നുവെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ആലപ്പുഴയില്‍ കഴിഞ്ഞ സമ്മേളന കാലത്ത് ആളിക്കത്തിയ വിഭാഗീയത അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി സഖാക്കള്‍ ഇവയൊന്നും തന്നെ വകവച്ചുകാണുന്നില്ല. അത് തന്നെയാണ് ഇപ്പോള്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചത് മുതല്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. കുമാരപുരത്ത് മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്‍.നാസറും ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചെങ്കിലും പ്രതിഷേധക്കാര്‍ പങ്കെടുത്തില്ല.

webdesk13: