X

മുഖത്ത് മൂത്രമൊഴിച്ച ക്രിമിനലിന് ഒത്താശയുമായി ബ്രാഹ്മണ സംഘടന

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് പ്രവേശ് ശുക്ലയുടെ വീട് പുനര്‍നിര്‍മിച്ചു നല്‍കുമെന്ന് ബ്രാഹ്മണ സമാജം. പ്രവേശ് ശുക്ലയുടെ വീട് പുനര്‍നിര്‍മിച്ചു നല്‍കുന്നതിനായി ബ്രാഹ്മണ സമാജത്തിന്റെ നേതൃത്വത്തില്‍ പണപിരിവ് തുടങ്ങി.

കേസിലെ പ്രതിയായ പ്രവേശ് ശുക്ലയുടെ മാതാപിതാക്കളും ഭാര്യയും മൂന്നുവയസ്സുമുള്ള മകളുമാണ് വീട്ടിലെ താമസക്കാര്‍. പ്രതി ചെയ്ത കുറ്റത്തിന് വീട്ടുകാരെ ഉപദ്രവിക്കുന്ന നടപടി ശരിയല്ലെന്നാണ് ബ്രാഹ്മണ സമാജത്തിന്റെ വാദം. കുബ്രി ഗ്രാമത്തിലെ വീട് തന്റെ മുത്തശ്ശി നിര്‍മിച്ചതാണെന്നും അത് പ്രവേശിന്റെ പിതാവിന്റെ പേരിലുള്ളതല്ലെന്നും ഭാര്യ കാഞ്ചന്‍ പറഞ്ഞു. ധനസമാഹരണത്തിനായി പ്രവേഷിന്റെ പിതാവ് രമാകാന്ത് ശുക്ലയുടെ അക്കൗണ്ട് നമ്പര്‍ സമുദായത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ സഹായധനം കൈമാറി.

‘പ്രതി കുറ്റം ചെയ്തതിന് എന്തിനാണ് വീട്ടുകാരെ ശിക്ഷിക്കുന്നത്?. ഞങ്ങള്‍ ആദ്യഗഡുവായി 51,000 രൂപ കുടുംബത്തിനു കൈമാറി. വീട് തകര്‍ത്ത നടപടിക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമാജം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’- അഖില ഭാരതീയ ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ് പുഷ്പേന്ദ്ര മിശ്ര പറഞ്ഞു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഇ തോടെ കൈയേറ്റം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടമാണ് പര്‍വേശ് ശുക്ലയുടെ വീടിന്റെ ഒരു ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

webdesk11: