നാല് കുട്ടികൾക്ക് ജന്മം നൽകുന്ന ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകണമെന്ന് മധ്യപ്രദേശ് സർക്കാർ ബോർഡ് മേധാവി പണ്ഡിറ്റ് വിഷ്ണു രജോറിയ.
ഞായറാഴ്ച ഇൻഡോറിൽ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രജോറിയ. സനാതന ധർമം സംരക്ഷിക്കാൻ ബ്രാഹ്മണ ദമ്പതികൾക്ക് നാല് കുട്ടികളുണ്ടാകേണ്ടത് അനിവാര്യമാണെന്ന് രജോറിയ പറഞ്ഞു.
‘ഒരു വ്യക്തി എന്ന നിലയിൽ, ഈ പാരിതോഷികം നൽകുമെന്ന് ഞാൻ ഈ പ്രഖ്യാപനം നടത്തുന്നു. ബ്രാഹ്മണ ദമ്പതികളുടെ കുട്ടികളെ വളർത്തുന്നതിനുള്ള എല്ലാ ഉത്തരവാദിത്തവും വഹിക്കും,’ സംസ്ഥാന കാബിനറ്റ് മന്ത്രി റാങ്ക് കൂടിയുള്ള രജോറിയ പറഞ്ഞു. പിന്നീട് ഇന്ത്യാ ടുഡേ ടി.വിയോട് സംസാരിച്ച രജോറിയ, ബ്രാഹ്മണ ദമ്പതികൾക്ക് നാല് കുട്ടികൾ ജനിക്കേണ്ടത് നിർബന്ധമാണെന്ന് പറഞ്ഞു.
‘ബ്രാഹ്മണർക്ക് 4 കുട്ടികൾ നിർബന്ധമാണെന്ന് യുവദമ്പതികളോട് ഞാൻ അഭ്യർത്ഥിച്ചു. സനാതന ധർമം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരശുറാം കല്യാൺ ബോർഡ് തലവൻ എന്ന നിലയിലാണ് ഞാൻ ഈ അഭ്യർത്ഥന നടത്തുന്നത് ,’ അദ്ദേഹം പറഞ്ഞു.
ഈ നിർദ്ദേശത്തിന് ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ആളുകൾ പിന്തുണ നൽകിയിട്ടുണ്ടെന്നും ബോർഡ് അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും രജോറിയ പറഞ്ഞു.
നാല് കുട്ടികൾ ഉള്ളത് കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ചോദിച്ചപ്പോൾ, മോദി സർക്കാർ സഹായിക്കുമെന്ന് രജോറിയ വാദിച്ചു, ‘നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് വസ്ത്രങ്ങൾ ഇല്ലായിരുന്നു. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ സൗകര്യങ്ങൾ കുറവായിരുന്നു. എന്നാൽ ദൈവകൃപ, ഞങ്ങൾക്ക് സർക്കാരുകൾ ഉണ്ട്,’ രജോറിയ പറഞ്ഞു.