ബ്രഹ്‌മപുരം മാലിന്യ പ്ളാന്റുമായി ബന്ധപ്പെട്ട ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ ഉത്തരവാദികളില്‍ നിന്നും ഈടാക്കണമെന്നും നികുതി പണത്തില്‍ നിന്നും നല്‍കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി സര്‍ക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പറഞ്ഞ വാചകങ്ങള്‍ അടിവരയിടുന്നതാണ് ഗ്രീന്‍ ട്രിബ്യൂണല്‍ തീരുമാനം.
2020 ല്‍ ഇറക്കിയ ഉത്തരവിലൂടെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. എന്നാല്‍ മാലിന്യം നീക്കം ചെയ്യുന്നതില്‍ സര്‍ക്കാരും അതിന് മേല്‍നോട്ടം വഹിക്കേണ്ട നഗരസഭയും മൂന്ന് കൊല്ലമായി ദയനീയമായി പരാജയപ്പെട്ടു. ഇവരുടെ പരാജയത്തിന്റെ പിഴ ജനങ്ങളില്‍ നിന്നും നല്‍കാന്‍ അനുവദിക്കില്ല. ഉത്തരവാദികളായവരാണ് പിഴ നല്‍കേണ്ടതെന്ന് വി.ഡി.സതീശൻ പറഞ്ഞു.
ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നും പിഴ നല്‍കി കരാറുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്. ബ്രഹ്‌മപുരത്ത് തീയിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഥമിക റിപ്പോര്‍ട്ട് പോലും പൊലീസ് നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സിനെ ഉപയോഗിച്ച് പാര്‍ട്ടി ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.