X

ബ്രഹ്മപുരത്ത് തീയിട്ടത് ആര്-എഡിറ്റോറിയല്‍

ആധുനിക വികസന സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ബ്രഹ്മപുരത്തെ തീപിടിത്തം. കേരളത്തിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തെ ദിവസങ്ങളോളം ശ്വാസംമുട്ടിക്കുന്നതായിരുന്നു കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധ. വിദേശികളടക്കം സന്ദര്‍ശിക്കുന്ന സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ബ്രഹ്മപുരം കൊച്ചിയെ വിഷമയമാക്കുകയാണ്. മാലിന്യ പ്ലാന്റില്‍ ഇടയ്ക്കിടെ തീപിടിത്തമുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ തീപിടിത്തം കൊച്ചിയെ ശ്വാസം മുട്ടിക്കുന്നതാണ് കണ്ടത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തീപിടിത്തവും വായു മലിനീകരണവും ഉണ്ടാകുന്നത്. തീ പിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാറും കോര്‍പറേഷനുമാണ് പ്രതിക്കൂട്ടിലുള്ളത്. ഏക്കറുകറോളം വ്യാപിച്ചുകിടക്കുന്ന മാലിന്യ മലയില്‍ പല സ്ഥലങ്ങളിലായാണ് തീപിടിത്തമുണ്ടായത് എന്നതുതന്നെ അട്ടിമറി സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം കരുതിക്കൂട്ടി ചെയ്തതാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന തള്ളിക്കളയാനാവില്ല. അപകടത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെടുന്നു. ഇത് മനപൂര്‍വം ചെയ്തതാണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. അപകടം നടന്ന സ്ഥലത്തെ സാഹചര്യം അതീവ ഗുരുതരമാണ്. മനപൂര്‍വം തീ കൊളുത്തിയാണ് അപകടം ഉണ്ടായതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

വ്യാഴാഴ്ച വൈകീട്ടാണ് മാലിന്യ മലയില്‍ തീ പടര്‍ന്നത്. ബ്രഹ്മപുരത്തുനിന്ന് മാലിന്യം മാറ്റുന്നതിന് ബയോമൈനിങിന് 54 കോടിയോളം ചെലവില്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കിയിരുന്നു. ഇടതുമുന്നണിയിലെ ഒരു പ്രമുഖ നേതാവിന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ബയോമൈനിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് മാലിന്യത്തിന് തീ പിടിച്ചത്. കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് തീപിടുത്തം എന്നതാണ് അട്ടിമറി ആരോപണം ബലപ്പെടുത്തുന്നത്. നിശ്ചിത കാലാവധിക്കകം അവശിഷ്ടം നീക്കാന്‍ കഴിയാതെ വന്നപ്പോള്‍ തീയിട്ടതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. നേരത്തെ തീപിടുത്തത്തിന്പിറകില്‍ കരാര്‍ കമ്പനിയുടെ പങ്ക് ആരോപിച്ച് സി.പി.ഐയും രംഗത്തെത്തിയിരുന്നു. കരാര്‍ കമ്പനിക്ക് നഷ്ടം നികത്താന്‍ സി.പി.എം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് തീപിടിത്തമെന്ന് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ആരോപിക്കുന്നുണ്ട്. വെറും ആരോപണമായി തള്ളിക്കളയേണ്ടതല്ല ഇവയെല്ലാം. സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് അധികൃതരുടെ കടമയാണ്. കൊച്ചി കോര്‍പറേഷന്റെ വെള്ളാനയാണ് എന്നും മാലിന്യസംസ്‌കരണ പ്ലാന്റ്. മാലിന്യ ശേഖരണം, പ്ലാന്റിന്റെ നടത്തിപ്പ്, പ്ലാസ്റ്റിക് വില്‍പ്പന, മണ്ണടിക്കല്‍ തുടങ്ങിയ ജോലികള്‍ക്കുള്ള കരാറില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതിന്റെ പങ്കു പറ്റുന്നതിന്റെ കഥകള്‍ പരസ്യമായ രഹസ്യമാണ്.

സര്‍ക്കാറിന്റെ നിരുത്തരവാദ പ്രവൃത്തിമൂലം കഷ്ടപ്പെടന്‍ വിധിക്കപ്പെട്ടത് പാവപ്പെട്ട ജനങ്ങളാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന ഭാഗത്താണ് തീ പടര്‍ന്നത് എന്നതിനാല്‍ വായു ആദ്യം തന്നെ മലിനമായി. തീ പടര്‍ന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ വിഷപ്പുക പ്രദേശമാകെ നിറഞ്ഞു. നിരവധി പേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ട്, ഛര്‍ദി, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട് നിരവധി പേര്‍ ചികിത്സ തേടി. വിഷപ്പുകയുടെ ബുദ്ധിമുട്ട് കാരണം പലരും നഗരം വിട്ട് മാറിത്താമസിക്കുകയാണ്. വിഷപ്പുക ശ്വസിച്ച 20 അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഛര്‍ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ചികിത്സ തേടിയത്. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാതമാണ് നഗരത്തിലുണ്ടായത്. പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റെന്തിനേക്കാളും വലുതാണ്. കൊച്ചിയിലെ വായു നിലവാര സൂചിക സാധാരണനിലയും കടന്ന് ഉയര്‍ന്നുനില്‍ക്കുകയാണ്. നൂറേക്കറിലധികം സ്ഥലമുണ്ടായിട്ടും ശാസ്ത്രീയമായും കുറ്റമറ്റരീതിയിലും സംസ്‌കരണസംവിധാമുണ്ടാക്കാന്‍ കോര്‍പറേഷന് കഴിയുന്നില്ല. സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മാലിന്യ സംസ്‌കരണത്തിന് പദ്ധതികള്‍ പലതും കടലാസിലുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് സത്യാവസ്ഥ. ആമസോണ്‍ കാടുകള്‍ കത്തിയപ്പോള്‍ തീ കെടുത്താന്‍ നടത്തിയ ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഭരണകക്ഷിയില്‍പെട്ട ആളുകള്‍ക്കുണ്ടായിരുന്നെങ്കില്‍ കൊച്ചി ഇങ്ങനെ ശ്വാസംമുട്ടേണ്ടിവരില്ലായിരുന്നു. ആളുകളുടെ ജീവനും വരുംതലമുറക്കുകൂടി അവകാശപ്പെട്ട പ്രകൃതിയെ രക്ഷിക്കാനും സമഗ്രമായ മാലിന്യ സംസ്‌കരണത്തിന് ഇനിയെങ്കിലും പദ്ധതി തയാറാക്കിയേ മതിയാവൂ.

webdesk11: