X

ബ്രഹ്മപുരം മാലിന്യം: ഹൈക്കോടതി കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം കേള്‍ക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഖര മാലിന്യ സംസ്‌കരണമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് കേരള വ്യാപകമായി സംസ്ഥാന സര്‍ക്കാരും, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഉള്ള ഡിവിഷന്‍ ബഞ്ച് സ്വമേധയാ എടുത്ത കേസില്‍ പ്രതിപക്ഷ ഉപ നേതാവും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങളും നിര്‍ദേങ്ങളും പരിഗണിക്കുമെന്ന് കേരള ഹൈക്കോടതി കേസിലെ ഇടക്കാല ഉത്തരവിലൂടെ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളെ മാത്രം കക്ഷി ചേര്‍ത്തും മൂന്ന് അമിക്കസ് ക്യൂറികളെ നിയോഗിച്ചും, അവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കവെ പ്രതിപക്ഷ ഉപേതാവിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കേരളത്തിലെ മുതിര്‍ന്ന എം എല്‍ എയും, പ്രതിപക്ഷ ഉപ നേതാവും, അനുഭവ സമ്പന്നനായ മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഈ വിഷയം സംബന്ധമായി അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്.

പരിസ്ഥിതി പ്രശ്‌നങ്ങളും, മാലിന്യ സംസ്‌കരണവും ജനങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍, വരും കാലങ്ങളില്‍ വളരെ സൂക്ഷ്മതയോടെയും അവധാനതയോടെയും പരിഗണിക്കേണ്ട ഒരു കാര്യമാണിതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. പൊതു താല്‍പര്യം മുന്‍ നിര്‍ത്തി ഇത്തരം കാര്യങ്ങളില്‍ ഹൈക്കോടതി എടുക്കുന്ന നടപടികളില്‍ കോടതിക്ക് വേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ആ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായിട്ടാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഹൈകോടതിയുടെ അനുവാദം തേടുന്നതെന്നും ഹൈക്കോടതിയെ അറിയിച്ചു.

തന്റെ നിയോജകമണ്ഡലം ഉള്‍പ്പടെയുള്ള പല പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഒരുപാട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, എല്ലാവരും യോജിച്ച് ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ എന്നും, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച പ്രദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിക്ക് നല്‍കാന്‍ സാധിക്കുമെന്നും അദേഹം കോടതിയെ അറിയിച്ചു. ഇത്തരം പൊതു വിഷയങ്ങളില്‍ പരിചയ സമ്പന്നരായ ആളുകളുടെ നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും ആയതിനാല്‍ പ്രതിപക്ഷ ഉപ നേതാവിനെ കേസില്‍ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയാണെന്നും ഇടക്കാല ഉത്തരവിലൂടെ കോടതി അറിയിച്ചു. കേസ് സംബന്ധമായ റിപ്പോര്‍ട്ടുകളും മറ്റു രേഖകളും പ്രതിപക്ഷ ഉപ നേതാവിന്റെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാക്ക് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ഇവ്വിഷയകമായി മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രദേശങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഫോട്ടോകളും കോടതിയില്‍ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

webdesk11: