X

ബ്രഹ്മപുരം തീപിടുത്തം; അലംഭാവം തുടരാനാണ് ഉദ്ദേശമെങ്കില്‍ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും: ഉമ തോമസ്

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഇപ്പോള്‍ വീണ്ടും തീപിടുത്തം ഉണ്ടായത് ഏറെ ആശങ്ക ഉളവാക്കുന്നുവെന്ന് എംഎല്‍എ ഉമ തോമസ്. സെക്ടര്‍ ഒന്നിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.മാര്‍ച്ച് 1ന് ഉണ്ടായ തീപിടുത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ അതേ നിസ്സംഗത ഇത്തവണയും തുടരുകയാണ് എംഎല്‍എ കുറ്റപ്പെടുത്തി.

ഇത്രയും സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും ഹൈകോടതി ഇടപെടല്‍, ഹരിത ട്രൈബ്യൂണലിന്റെ 100 കോടിയുടെ പിഴയും ഒക്കെ ഉണ്ടായിട്ടും മനുഷ്യ ജീവനും, നാടിനും വരാന്‍ ഇരിക്കുന്ന തലമുറക്കും ഒരു വിലയും കല്പിക്കാത്ത ഭരണകൂടം എന്താണ് ഉദ്ദേശിയ്ക്കുന്നത്? എന്ത് അടിയന്തിര സാഹചര്യം നേരിടാനും സജ്ജമായിരിയ്‌ക്കേണ്ട പ്ലാന്റില്‍ ഉള്ള 2 ഫയര്‍ എഞ്ചിനുകളില്‍ ഒന്നില്‍ വെള്ളം ഇല്ലാത്ത അവസ്ഥയാണ്, മറ്റൊന്നില്‍ ഡ്രൈവറും ഇല്ല..! അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തീപിടുത്തം ഉണ്ടായ ശേഷം അടിയന്തരമായി സ്ഥാപിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സിസിടിവി ക്യാമറകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല, ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മന്റ് ചെയര്‍മാന്‍ ആയ കളക്ടര്‍ പോലും ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല അവര്‍ പറഞ്ഞു.

വാര്‍ത്ത അറിഞ്ഞ ഉടന്‍ ഉമ തോമസ് ബ്രഹ്മപുരതെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത് ജനങ്ങളുടെ ജീവല്‍ പ്രശ്‌നമാണ്, കഴിഞ്ഞ തവണ ഉണ്ടായ അതേ അലംഭാവം തുടരാനാണ് ഉദ്ദേശമെങ്കില്‍ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന് ഓര്‍മിപ്പിയ്ക്കുന്നു അവര്‍ ഓര്‍മിപ്പിച്ചു.

webdesk11: