ബ്രഹ്‌മപുരം തീപിടുത്തം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവ്‌ദേക്കറിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ബ്രഹ്‌മപുരം തീപിടുത്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യു.ഡി.എഫാണ്. ഈ മാസം 13 നാണ് ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകളും സമൂഹമാധ്യമ പോസ്റ്റുകളിലും ഇത് വ്യക്തവുമാണ്. വി.ഡി.സതീശൻ പറഞ്ഞു.
യു.ഡി.എഫ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച മാത്രമാണ് പ്രകാശ് ജാവ്‌ദേക്കര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. സത്യം ഇതായിരിക്കെ ബി.ജെ.പിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടെന്ന സി.പി.എം പ്രസ്താവന ദുരുദ്ദേശ്യപരവും ഗൂഡലക്ഷ്യത്തോടെയുള്ളതുമാണ്. കോണ്‍ഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിന്റേയോ ബി.ജെ.പിയുടേയോ സഹായം ആവശ്യമില്ല. ബി.ജെ.പിയുമായി ധാരണയും ഒത്തുതീര്‍പ്പുമുണ്ടാക്കിയത് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
നുണകള്‍ പറഞ്ഞ് സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും നുണകള്‍ ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലുമുള്ളത്. സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്. രാഷ്ട്രീയ മര്യാദ അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവാസ്തവമായ പ്രസ്താവന പിന്‍വലിക്കാന്‍ സി.പി.എം തയാറാകണമെന്നുംവി ഡി സതീശൻ ആവശ്യപ്പെട്ടു.