ലണ്ടന്‍: യു.എ.ഇയ്ക്ക് പിന്നാലെ വിവാദ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യു.കെ കോടതിയുടെ നിര്‍ദ്ദേശം. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ ഉത്തരവ്.
ഇതോടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ള സ്വത്തുക്കളും ബി.ആര്‍ ഷെട്ടിക്ക് വില്‍ക്കാന്‍ സാധിക്കില്ല. എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സി.ഇ.ഒ ആയിരുന്ന പ്രശാന്ത് മാങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്ത് മരവിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ യു.എ.ഇ സെന്‍ട്രല്‍ ബാങ്കും ഷെട്ടിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഷെട്ടിയുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു എക്‌സ്‌ചേഞ്ചുകളെക്കാള്‍ കൂടുതല്‍ നിരക്ക് വാങ്ങിയായിരുന്നു ഷെട്ടി പണമിടപാടുകള്‍ നടത്തിവന്നിരുന്ത്. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു.
യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എന്‍.എം.സിക്ക് 8 ബില്ല്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.അബുദാബിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്ത് ഗള്‍ഫ് ജീവിതം ആരംഭിച്ച ഷെട്ടി 2015ല്‍ ഫോബ്‌സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.