X
    Categories: MoreViews

കര്‍ണാടക: ബി.ജെ.പിയുടെ പതനത്തില്‍ കലാശിച്ചത് യെദ്യൂരപ്പയുടെ ആ തീരുമാനം

ബെംഗളുരു: കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ‘ഔദാര്യത്തില്‍’ സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ച ബി.ജെ.പിക്ക് തിരിച്ചടിയായത് സ്വന്തം തീരുമാനം. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നെങ്കിലും അതിന് വേഗം കൂട്ടിയത് മെയ് 16-ന് രാവിലെ ഒന്‍പത് മണിക്കു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന യെദ്യൂരപ്പയുടെ തീരുമാനമായിരുന്നു. കോണ്‍ഗ്രസിനെക്കൊണ്ട് രാത്രിതന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിച്ചതും അര്‍ധരാത്രിയിലെ അസ്വാഭാവികമായ കോടതിനടപടികള്‍ക്ക് പ്രേരിപ്പിച്ചതും ബി.ജെപിയുടെ തിരക്കിട്ട ഈ നീക്കം തന്നെ. പറഞ്ഞതുപോലെ 16-ന് ഒമ്പതു മണിക്ക് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അനുവദിച്ച 15 ദിവസം സുപ്രീംകോടതി വെട്ടിക്കുറച്ചത് ബി.ജെ.പിയുടെ പതനത്തില്‍ കലാശിച്ചു.

16-ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ അര്‍ധരാത്രി തന്നെ കോടതിയെ സമീപിക്കുമായിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ബി.ജെ.പിയാണ് ഞങ്ങള്‍ക്ക് അടിയന്തരഘട്ടത്തില്‍ നടപടിയെടുക്കേണ്ട സാഹചര്യം നല്‍കിയത്. രാവിലെ ഒമ്പതു മണിക്ക് സത്യപ്രതിജ്ഞ അവര്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.’ – മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വോട്ട് എണ്ണിത്തുടങ്ങുന്നതിനു മുമ്പേ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു. ബി.ജെ.പിക്കു കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജെ.ഡി.എസ്സുമായി ബന്ധപ്പെടുകയും വോട്ടെണ്ണല്‍ കഴിയുന്നതിനു മുമ്പുതന്നെ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍, ഗവര്‍ണറെ കണ്ട യെദ്യൂരപ്പ കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പിന് വീറും വാശിയും പകരുകയായിരുന്നു. ഇതോടെ, കോണ്‍ഗ്രസ് ഉണര്‍ന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് 15 ദിവസം നല്‍കിയതോടെയാണ് നിയമ നടപടിയിലേക്ക് തിരിയാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഭിഷേക് മനു സിങ്‌വി ഈ സമയം പഞ്ചാബിലായിരുന്നു. പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിച്ചത്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നല്‍കേണ്ട പരാതി സിങ്‌വിയുടെ നേതൃത്വത്തില്‍ എഴുതിത്തയ്യാറാക്കി. രാത്രി എട്ടു മണിയോടെ എ.ഐ.സി.സി ആസ്ഥാനത്ത് സിങ്‌വി, കപില്‍ സിബല്‍, പി. ചിദംബരം തുടങ്ങിയവര്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി. പത്രസമ്മേളനത്തിന്റെ മധ്യത്തില്‍ സിങ്‌വി പിന്‍വാങ്ങുകയായിരുന്നു. യെദ്യൂരപ്പ സത്യപ്രതിജ്ഞാ സമയം പ്രഖ്യാപിച്ച കാര്യം അറിഞ്ഞതോടെയായിരുന്നു ഇത്.

എ.ഐ.സി.സി ആസ്ഥാനം വിട്ട സിങ്‌വി നേരെ പോയത് നീതി ബാഗിലെ സ്വന്തം വീട്ടിലേക്കാണ്. തന്റെ ജൂനിയര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം പത്തുമണിയോടെ സുപ്രീം കോടതിയുടെ പരിസരത്തുള്ള താജ് മാന്‍സിങ് റസ്‌റ്റോറന്റിലെത്തി. രാത്രി 1.45 ഓടെയാണ് ഇവര്‍ കോടതിയിലെത്തിയത്.

അര്‍ധരാത്രി കൂടിയ കോടതി സത്യ.പ്രതിജ്ഞ തടഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച തുടര്‍വാദം കേള്‍ക്കാം എന്നു പ്രഖ്യാപിച്ചതിനു പിന്നില്‍ സിങ്‌വിയുടെ ശക്തമായ വാദമായിരുന്നു. ഗവര്‍ണര്‍ നല്‍കി 15 ദിവസ സമയപരിധി ഒരൊറ്റ ദിവസമായി കുറഞ്ഞതോടെ ബി.ജെ.പി ‘ചാക്കിടല്‍’ നടക്കാതെ രാജിക്ക് നിര്‍ബന്ധിതരാവുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: