അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത്ത് തീരത്ത് കരതൊട്ടു. അര്‍ധരാത്രി വരെ കാറ്റ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരത്ത് കനത്ത മഴയും കടല്‍ക്ഷോഭവുമുണ്ട്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് സൗരാഷ്ട്രകച്ച് തീരങ്ങളില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത്. പ്രക്രിയ പൂര്‍ത്തിയാകാന്‍ നാലു മണിക്കൂര്‍ സമയമെടുക്കും. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
തിരമാല 6 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കിയെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനീഷ് പഥക് പറഞ്ഞു. 7 വിമാനങ്ങളും 6 ഹെലികോട്പറുകളും തയാറാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തീരദേശ ജില്ലകളില്‍ താമസിക്കുന്ന ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.കച്ച് ജില്ലയില്‍നിന്നു മാത്രം 46,800 പേരെ ഒഴിപ്പിച്ചു.