പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.
ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.