മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ ബോക്‌സിങ് ഡേയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീം ലിസ്റ്റ് പുറത്ത്.
മുഹമ്മദ് സിറാജും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരമാണ് ഗില്‍ ടീമിലെത്തിയത്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമാണ് സിറാജിന് അരങ്ങേറാന്‍ അവസരം ലഭിച്ചിരിക്കുന്നത്. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പന്തിന് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ കെ.എല്‍ രാഹുലിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഹനുമ വിഹാരി സ്ഥാനം നിലനിര്‍ത്തി. കോലിക്ക് പകരം രഹാനെ ടീമിനെ നയിക്കും.
ടീം: അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
കുറച്ചുകാലമായി എല്ലാ ഫോര്‍മാറ്റിലും വിശ്വസ്തനായ ഓള്‍റൗണ്ടറാണ് ജഡേജ. ഒന്നാം ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്നത്.
വൃദ്ധിമാന്‍ സാഹയ്ക്കുപകരം ഋഷഭ് പന്ത് എത്തുന്നതോടെ മധ്യനിരയില്‍ ആക്രമിച്ചുകളിക്കുന്ന ഒരാളായി.
‘ബോക്‌സിങ് ഡേ’ ടെസ്റ്റ് മത്സരം ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചുമുതല്‍ മെല്‍ബണില്‍ നടക്കും.
ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടലുമായി (36 റണ്‍സ്) ഓള്‍ഔട്ടായ ഇന്ത്യയ്ക്ക് തലയുയര്‍ത്തണമെങ്കില്‍ ജയം കൂടിയേ തീരൂ.