X
    Categories: News

ലോകമേ, തലതാഴ്ത്തുക

ലോകം കണ്ട ഏറ്റവും വലിയ നിഷ്ഠൂര വംശഹത്യകളിലൊന്നിന് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മാനവരാശി കാഴ്ചക്കാരായി കണ്ടുനില്‍ക്കെ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയും അന്താരാഷ്ട്ര സംവിധാനങ്ങളെ പുച്ഛിച്ചു തള്ളിയും പാവപ്പെട്ട ഫലസ്തിനികളെ ഇസ്രാഈല്‍ കൊന്നുകൊണ്ടിരിക്കുകയാണ്. 41,825 ഫലസ്തീനികളെയാണ് ഈ ഒരു വര്‍ഷത്തിനിടയില്‍ ഇസ്രാഈല്‍ കൊന്നുതള്ളിയിരിക്കുന്നത്. ഓക്സ്ഫാമിന്റെ കണക്കു പ്ര കാരം കൊല്ലപ്പെട്ടവരില്‍ 11,000ത്തിലേറെ പേര്‍ കുട്ടികളാണ്. ആറായിരത്തിലേറെ സ്ത്രീകളും കൊല്ലപ്പെട്ടു. ഒരു വര്‍ഷത്തിനിടെ ലോകത്ത് ഇത്രയേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നത് ആദ്യമാണെന്ന് സ്മാള്‍ ആംസ് സര്‍വേ പറയുന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ചികിത്സയും മരുന്നും കിട്ടാതെ ഇവര്‍ നരകിക്കുകയാണ്.

ഹമാസ് പ്രത്യാക്രമണത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ഈ കൊടുംക്രൂരത അവസാനിപ്പിക്കാന്‍ ഇസ്രാഈല്‍ മുന്നോട്ടുവെക്കുന്ന ഉപാധി ഒന്നു മാത്രമാണ്. മുഴുവന്‍ ഫലസ്തീനികളും ജന്മനാട്ടില്‍ നിന്ന് ഒഴിഞ്ഞുകൊടുത്ത് വിശാല ഇസ്രാഈല്‍ രൂപീകരിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കണമെന്നതാണത്. നീതിക്കും നിയമത്തിനുമെല്ലാം പുല്ലുവില കല്‍പ്പിച്ച് ആധുനിക ലോകത്തിനുതന്നെ അപമാനം വിതച്ച് ഇസ്രാഈല്‍ നരനായാട്ട് തുടരുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കഴിയാതായിപ്പോയ അന്താരാഷ്ട്രസമൂഹം ഈ അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ അനീതിയുടെയും കൊടുംക്രൂരതയുടെയും പക്ഷത്തുതന്നെയാണ് നിലകൊള്ളുന്നത്. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളെപ്പോലും യുദ്ധപ്രഖ്യാപനത്തിനുള്ള ഇടങ്ങളായി ഉപയോഗപ്പെടുത്താന്‍ ഇസ്രാഈലിനു സാധിക്കുന്ന തരത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ ഫലസ്തിനികള്‍ക്ക് എവിടുന്ന് നീതി ലഭിക്കുമെന്ന ചോദ്യംപോലും അപ്രസക്തമായിത്തീരുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രഹസനമായി മാറുകയും ഐക്യരാഷ്ട്രസഭ പശ്ചാത്യരാജ്യങ്ങളുടെ ചൊല്‍പ്പടിക്കു കീഴിലായിപ്പോവുകയും ചെയ്ത വര്‍ത്തമാനകാലത്ത് ഇസ്രാഈലിന് ആവേശം പകരുന്ന രീതിയിലേക്ക് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഏറ്റവും അനുകൂലമായ ഈ സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്‍ ഒന്നടങ്കം അശാന്തിയുടെ വിത്തു പാകാനുള്ള തിടുക്കപ്പെട്ടുള്ള ശ്രമത്തിലാണ് ജൂതരാഷ്ട്രം. ഗസ്സയിലും വെസ്റ്റുബാങ്കിലും കണ്ണില്‍ചോരയില്ലാത്ത ആക്രമണങ്ങള്‍ക്ക് നേത്യത്വം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ലബനാനിലേക്കും ഇറാനിലേക്കുമെല്ലാം ഇസ്രാഈല്‍ യുദ്ധമുഖംതിരിക്കുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യംവെച്ച് ബെയ്റൂത്തില്‍ തീമഴ വര്‍ഷിക്കുമ്പോള്‍ ഇറാനെക്കൂടി യുദ്ധത്തിന്റെ ഭാഗമാക്കിമാറ്റുകയെന്ന നിഗൂഢ ലക്ഷ്യം അതിനു പിന്നിലുണ്ട്. ഹമാസ് നേതാവ് ഇസ്മാ ഈല്‍ ഹനിയയെ ഇറാനില്‍വെച്ചുതന്നെ വധിച്ചതിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല.

പശ്ചിമേഷ്യയില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത എല്ലാ രാഷ്ട്രങ്ങളെയും അക്രമിച്ചുകീഴ്‌പ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇസ്രാഈല്‍ മുന്നോട്ടുപോകുമ്പോള്‍ അതിന്റെ അനന്തരഫലം പശ്ചിമേഷ്യയിലോ ഏഷ്യയിലോ ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരിക്കില്ല. ലോകമൊന്നടങ്കം ഇസ്രാഈലിന്റെ അവിവേകത്തിന്റെ കെടുതികള്‍ അനുഭവി ക്കേണ്ടിവരുമെന്ന കാര്യം നിസംശയമാണ്. പശ്ചാത്യ ശക്തികള്‍ക്കൊപ്പം ആഗോള മാധ്യമങ്ങളും നിര്‍ലജ്ജം ഇസ്രാ ഈലിന് പിന്തുണയുമായെത്തുമ്പോള്‍ നാം അധിവസിക്കുന്ന ഈ ലോകം എത്ര ആസുരമാണെന്ന് ഹൃദയം കല്ലായി പ്പോയിട്ടില്ലാത്ത ഓരോ മനുഷ്യനും ചിന്തിച്ചുപോവുകയാണ്. ഒരുവര്‍ഷം നീണ്ടുനിന്ന ഇസ്രാഈലിന്റെ കൊടുംക്രൂരതക്ക് കാരണം ഹമാസ് നടത്തിയിട്ടുള്ള പ്രത്യാക്രമണങ്ങളാണെന്ന് നിഷ്‌കളങ്കമായി വിലയിരുത്തുന്ന മാധ്യമങ്ങള്‍ പറഞ്ഞുവെക്കുന്നത് ഇസ്രാഈല്‍ ഫലസ്തീന്‍ പ്രശ്നങ്ങളുടെ തുടക്കം 2023ലാണെന്നാണ്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കിതല്ലിക്കൊല്ലുന്ന പിതൃശൂന്യ മാധ്യമപ്രവര്‍ത്തനത്തിന്റെ തല്‍സമയ ഉദാഹരണമായി ഫലസ്തീന്‍ മാറുകയാണെന്ന് ചുരുക്കം. ഫലസ്തീനൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്ന ഇന്ത്യയുടെ നിലവിലത്തെ സമീപനം രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തുകയാണ്. അമേരിക്കയെപ്പൊലെ തന്നെ ഇസ്രാഈലിന്റെ ചങ്ങാതിയായി നിലകൊള്ളാന്‍ വെമ്പല്‍കൊള്ളുന്ന ഇന്ത്യ അവരുടെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാ യെന്നുമാത്രമല്ല, ഇസ്രാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുകയും ചെയ്തു. ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ ലോകമനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ നമ്മുടെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും കടക്കലാണ് മോദി ഭരണകൂടം കത്തിവെച്ചിരിക്കുന്നത്. ഏതായാലും ഫലസ്തീനികളുടെ കണ്ണിരൊപ്പാന്‍ വൈകുന്ന ഓരോ നിമിഷത്തിനും ലോകമനസാക്ഷി സമാധാനം പറയേണ്ടിവരുന്ന കാലം അതിവിദൂരമല്ലെന്നതിന് ആ ജനതയുടെ പോരാട്ട വീര്യംതന്നെയാണ് തെളിവ്.

 

webdesk17: