X

ജയമെന്ന ലക്ഷ്യത്തോടെ ഇരു ടീമുകളും; ലോകം ടെന്‍ഷനില്‍

ദോഹ: ലോകം ടെന്‍ഷനിലാണ്. ഇന്ന് പുലര്‍ച്ചെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍. നേര്‍ക്കുനേര്‍ വരുന്നത് കൊമ്പന്മാര്‍. ലാറ്റിനമേരിക്കന്‍ സൗന്ദര്യ ഫുട്‌ബോളിന്റെ വക്താക്കളായ അര്‍ജന്റീനയും യൂറോപ്യന്‍ വേഗ ഫുട്‌ബോളിന്റെ വക്താക്കളായ ക്രൊയേഷ്യയും. ഇന്ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ അവര്‍ സൗന്ദര്യത്തെയോ, വേഗതയെയോ ആയുധമാക്കില്ല. ലക്ഷ്യം ജയമാണ്. ആ യാത്രയില്‍ അതി ജാഗ്രതാ ഫുട്‌ബോളായിരിക്കും മൈതാനത്ത് നടക്കുകയെന്നുറപ്പ്. സാഹസിക യാത്ര പിന്നിട്ടാണ് ലിയോ മെസിയും സംഘവും സെമി കളിക്കുന്നത്. ഗ്രൂപ്പില്‍ ആദ്യ മല്‍സരത്തില്‍ തന്നെ സഊദി അറേബ്യക്ക് മുന്നില്‍ തോല്‍വി.

അടുത്ത മല്‍സരത്തില്‍ കനത്ത വെല്ലുവിളിക്കിടെയിലും മെക്‌സിക്കോയ്‌ക്കെതിരെ ആധികാരിക വിജയം. മൂന്നാം മല്‍സരത്തില്‍ പോളണ്ടിനെ വീഴ്ത്തി. പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ വെല്ലുവിളി ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നായിരുന്നു. അതും അതിജയിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിട്ടത്. എല്ലാ വെല്ലുവിളികളെയും മറികടന്നുള്ള മുന്നേറ്റത്തിനൊടുവിലാണ് ഇന്ന് ക്രോട്ടുകാരുടെ മുന്നില്‍ വരുന്നത്. ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഈ വിധം തന്നെ. മൊറോക്കോയുമായി സമനില നേടി, കനഡയെ നാല് ഗോളിന് മറികടന്ന് നിര്‍ണായകമായ മല്‍സരത്തില്‍ ബെല്‍ജിയത്തിനെ പിടിച്ചുകെട്ടിയാണ് അവര്‍ നോക്കൗട്ടിലെത്തിയത്. അവിടെ ജപ്പാനായിരുന്നു വെല്ലുവിളി. ഷൂട്ടൗട്ട് വരെ പോയ പോരാട്ടത്തിനൊടുവില്‍ വിജയം. ക്വാര്‍ട്ടറില്‍ ബ്രസീലിന് മുന്നിലായിരുന്നു. തോല്‍ക്കുമെന്നാണ് കരുതിയത്. നിശ്ചിത സമയത് ഗോളില്ല. അധികസമയത്ത് നെയ്മര്‍ ബ്രസീലിന് ലീഡ് നല്‍കുന്നു. പക്ഷേ അവസാനത്തില്‍ പെറ്റ്‌കോവിച്ചിന്റെ ഗോളില്‍ സമനില. ഷൂട്ടൗട്ടില്‍ ഗോള്‍ക്കീപ്പര്‍ ലിവാകോവിച്ചിന്റെ മികവില്‍ വിജയം.

ഇന്ന് അര്‍ജന്റീനയുടെ ഗെയിം പ്ലാന്‍ ആക്രമണമാണ്. അവരെ തടയുക എന്നതാണ് ക്രോട്ടുകാരുടെ ജോലിയും. പ്രതിരോധ ജാഗ്രതയിലാണ് ഇത് വരെ ക്രോട്ടുകാര്‍ മുന്നേറിയത്. ഈ ജാഗ്രതാ ഫുട്‌ബോളിനിടെ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്തി എതിരാളികള്‍ക്ക് ജോലി നല്‍കാനും അവര്‍ക്ക് കഴിയുന്നു. അതാണ് ഒടുവില്‍ ബ്രസീലിനെതിരായ മല്‍സരത്തില്‍ പോലും കണ്ടത്. നെയ്മറിന്റെ ഗോള്‍ വന്നപ്പോള്‍ ബ്രസീല്‍ വിജയമുറപ്പിച്ചു. പക്ഷേ അതിനുമപ്പുറം കിട്ടിയ അവസരങ്ങളെ ക്രോട്ടുകാര്‍ പ്രയോജനപ്പെടുത്തി. അര്‍ജന്റീനയുടെ വജ്രായുധം നായകന്‍ തന്നെ. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തില്‍ അല്‍പ്പമധികം ക്ഷുഭിതനായിരുന്നു മെസി. റഫറിക്കെതിരെ പോലും സംസാരിച്ചു. അതിന്റെ പേരില്‍ ഫിഫയുടെ ശാസനക്ക് അരികിലുമെത്തി. പക്ഷേ ഖത്തറില്‍ ഇത് വരെ അതിഗംഭീര സോക്കറാണ് മെസി കാഴ്ച്ച വെക്കുന്നത്. അദ്ദേഹത്തിന്റെ കാലുകളില്‍ പന്ത് കിട്ടിയാല്‍ അപകടമാണ്. കൂട്ടുകാര്‍ക്ക് പന്ത് എത്തിക്കുന്നതിലും മിടുക്കന്‍.

മെസിയെ കേന്ദ്രീകരിച്ച് തന്നെ അര്‍ജന്റീന കളിക്കുമ്പോള്‍ ക്രോട്ട് പ്രതിരോധത്തിന് ജോലി ഭാരമുണ്ടാവും. ലുക്കാ മോഡ്രിച്ച് എന്ന പോരാളിയാണ് ക്രോട്ട് കരുത്ത്. പന്തുമായി എവിടെയുമെത്തുന്ന സീനിയര്‍. എല്ലാവര്‍ക്കും പാസുകള്‍ നല്‍കുന്ന കൂട്ടുകാരന്‍. അവസാന ലോകകപ്പില്‍ രാജ്യത്തിന് കിരീടം സമ്മാനിക്കാനാഗ്രഹിക്കുന്ന മോഡ്രിച്ചിനെ തളക്കുന്നതില്‍ അര്‍ജന്റീനിയന്‍ പ്രതിരോധവും വിജയിക്കണം. മല്‍സരം ഷൂട്ടൗട്ട് വരെ എത്തിക്കാന്‍ മെസി ആഗ്രഹിക്കില്ലെന്നുറപ്പ്. കാരണം ക്രോട്ട് ഗോള്‍ക്കീപ്പര്‍ ലിവാകോവിച്ച് ഷൂട്ടൗട്ട് വിദഗ്ധനാണ്. ഒപ്പം മല്‍സര സമയത്തും അദ്ദേഹത്തെ കീഴടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിവേഗക്കാരായ ബ്രസീല്‍ മുന്‍നിരക്കാരെ പലവട്ടം പിറകിലാക്കിയത് ഗോള്‍ക്കീപ്പറാണ്. മല്‍സര ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞതായാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ഖത്തറിലുള്ള മുഴുവന്‍ അര്‍ജന്റീനക്കാരും ഇന്ന് ലുസൈലിലേക്ക് ഒഴുകിയെത്തുമെന്നുറപ്പ്.

Test User: