X

കോടിയേരിയുടെ രണ്ടു മക്കളും കുരുക്കില്‍

 

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ദുബായ് മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി.
ദുബായ് അടിയന്തിര കോടതി ഏര്‍പെടുത്തിയ രാജ്യം വിട്ടുപോകരുതെന്ന വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ബിനോയി ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ വസ്തുതകള്‍ പരിശോധിച്ച ശേഷം യാത്രാവിലക്ക് നീക്കാന്‍ കഴിയുമോ എന്ന് കോടതി തീരുമാനിക്കും. യാത്രാ വിലക്ക് ഒഴിവാക്കാനാവാതെ വന്നാല്‍ ബിനോയ് സിവില്‍ കോടതി വിധിയുടെ നടപടികള്‍ നേരിടേണ്ടിവരും. അതേസമയം നിയമനടപടികള്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് ജാസ് കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. പത്ത് ലക്ഷം ദിര്‍ഹം നല്‍കുകയോ സമാനമായ തുകയുടെ ബാങ്ക് ഗ്യാരന്റി സമര്‍പിക്കുകയോ ചെയ്യാതെ ബിനോയിയെ വിട്ടയക്കരുതെന്നാണ് മര്‍സൂഖിയുടെ വാദം. വസ്തുതകളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന്് നിയമ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മറ്റൊരാളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് വിലക്കു മാറ്റിയെടുക്കാനുള്ള ശ്രമവും ബിനോയുടെ അഭിഭാഷകന്‍ നടത്തുന്നുണ്ട്.
ഇതിനിടെ കോടിയേരി ബാലകൃഷ്ണന് കൂടുതല്‍ തലവേദന സൃഷ്ടിച്ച് ഇളയ മകന്‍ ബിനീഷ് കോടിയേരിയുടെ കേസുകളെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയാണെന്ന വിവരം ദുബായ് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനീഷ് യു.എ.ഇയില്‍ എത്തിയാലുടന്‍ അറസ്റ്റിലാകും. വായ്പ തിരിച്ചടക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
സഊദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംബാ ഫിനാന്‍സിയേഴ്‌സിന്റെ ദുബായ് ശാഖയില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടക്കാത്ത കേസില്‍ ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു.
പൊലീസില്‍ നിന്നു ദുബായ് പ്രോസിക്യൂഷനിലേക്കും പിന്നീട് കേസ് കോടതിയിലുമെത്തുകയായിരുന്നു. പണം തിരിച്ചു പിടിക്കാന്‍ ബാങ്ക് റിക്കവറി ഏജന്‍സിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതി കേരളത്തിലെ ഉന്നതനായ രാഷ്ര്ട്രീയ നേതാവിന്റെ മകനെന്നാണ് ബാങ്കിനു ലഭിച്ച റിപ്പോര്‍ട്ട്. ദുബായ് പൊലീസ് ബിനീഷിനെ പിടികിട്ടാപുള്ളിയായി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ രാജ്യത്ത് പ്രവേശിച്ച ഉടന്‍ അറസ്റ്റിലാകും.

chandrika: