ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.
പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോണ്‍സണ്‍ നേരത്തേ പറഞ്ഞിരുന്നു.
1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.