മഹാരാഷ്ട്രയിലെ അഹ്മദ് നഗറില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിച്ചത്. രാത്രി മുഴുവന്‍ നീണ്ട രക്ഷാദൗത്യമാണ് വിഫലമായത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സാഗര്‍ ബുദ്ധ ബരേല എന്ന കുട്ടി അപകടത്തില്‍പ്പെട്ടത്. 200 അടി താഴ്ചയുള്ള തുറന്ന് കിടന്ന കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്. പിന്നീട് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നി രക്ഷാ സേന ഉള്‍പ്പടെ സര്‍വ്വ സംവിധാനങ്ങളോടെയായിരുന്നു ദൗത്യം ആരംഭിച്ചത്.
പതിനഞ്ചടിയോളം താഴ്ചയില്‍ കുടുങ്ങിയിരിക്കുകയായിരുന്ന കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. എന്നാല്‍ പിന്നീട് കുട്ടിയുടെ നില മോശമാവുകയായിരുന്നു. മധ്യപ്രദേശ് സ്വദേശികളാണ് മരിച്ച സാഗറിന്റെ കുടുംബം. പ്രദേശത്ത് കരിമ്പ് വെട്ടുന്ന ജോലിക്കാരായിരുന്നു ഇവര്‍.