ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ മൂന്നു വയസുകാരന്‍ പ്രഹ്ലാദ് മരണത്തിന് കിഴടങ്ങി. 96 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇന്ന് പുലര്‍ച്ചയോടെ പ്രഹ്ലാദിനെ പുറത്ത് എടുത്തിരുന്നു. എന്നാല്‍ കുട്ടി മരിച്ചതായി മെഡിക്കല്‍ സംഘം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരന്‍ പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി കുഴല്‍കിണറിലേക്ക് ആളെ കടത്തിവിട്ട് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.
ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതിനിടെ കുഴിയില്‍ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു