X

ബൂട്ടും ബുള്‍ഡോസറും നീതിയുടെ അടയാളങ്ങളോ-അഡ്വ. പി.വി സൈനുദ്ദീന്‍

ജനാധിപത്യ മതേതര ഭാരതം മനുഷ്യത്തരഹിതമായ 2 ഭരണവര്‍ഗ നടപടികള്‍ക്ക് സാക്ഷിയായി. കേരളത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സാധാരണക്കാരന്റെ നാഭിക്ക് പൊലിസ് ബൂട്ടിട്ട് ചവിട്ടിയതും ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ നിയമാനുസൃത കൈവശക്കാരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതുമായിരുന്നു പ്രസ്തുത സംഭവങ്ങള്‍. ബൂട്ടും ബുള്‍ഡോസറും അനീതിയുടെ അടയാളങ്ങളായി മാറുന്ന പൊള്ളുന്ന രാഷ്ട്രീയത്തിന്റെ ഇത്തരം കാഴ്ചകള്‍ കാണാതെ പോകരുത്. നീതിയുടെ അടിത്തറയും നിയമവാഴ്ചയും തകര്‍ക്കപ്പെടുന്ന നടപടികള്‍ ഭരണവര്‍ഗത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതിന്റെ സൂചനയാണ്.

ഹനുമാന്‍ ജയന്തി ശോഭയാത്രയുടെ പേരില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കി ജഹാംഗിര്‍പുരിയില്‍ കൈയേറ്റം ഒഴിപ്പിക്കുക എന്ന വ്യാജേനെ ബി.ജെ.പി ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികാരികളാണ് നിയമാനുസൃത കൈവശക്കാരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്. 45 കൊല്ലത്തിലധികമായി താമസിക്കുന്നവരെയാണ് യു.പിയിലും ഗുജറാത്തിലും മധ്യപ്രദേശിലും ഉപയോഗിച്ച കാവിയണിഞ്ഞ ബുല്‍ഡോസര്‍ പ്രയോഗം വഴി ഒഴിപ്പിക്കാന്‍ ശ്രമം അരങ്ങേറിയത്. കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചിലരുടെ പേരില്‍ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ ആദേഷ് ഗുപ്ത കോര്‍പറേഷന്‍ മേയര്‍ക്കും പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയ കത്ത് പരിഗണിച്ചാണ് ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ച് ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയത്.

ഉപജീവനമാര്‍ഗം പോലും തകര്‍ത്തെറിഞ്ഞ ബുള്‍ഡോസര്‍ രാജിനെതിരെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ദുഷ്യന്ത് ദവെയും പ്രഷാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിച്ച് നേടിയ സ്റ്റേ പോലും അവഗണിച്ച് കൊണ്ടാണ് പൊളിക്കല്‍ പ്രക്രിയ തുടര്‍ന്നത്. സ്‌റ്റേ ഉത്തരവ് ലഭിച്ചില്ല എന്ന ന്യായം പറഞ്ഞ് പൊളിക്കല്‍ തുടര്‍ന്നപ്പോള്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് അടിയന്തരമായി കോര്‍പറേഷന്‍ അധികാരികള്‍ക്ക് ഉത്തരവ് നല്‍കാന്‍ നിര്‍ദേശിക്കുകയും കോര്‍പറേഷന്‍ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 57ലെ Delhi Development Act- സമ്പൂര്‍ണ ലംഘനമായിരുന്നു മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ ഡല്‍ഹി കോര്‍പറേഷന്‍ സ്വീകരിച്ചത്. അന്തസ്സോട് കൂടി ജീവിക്കാനുള്ള ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ചാപ്റ്ററിന്റെ അന്തസത്തയോട് കൂടി ചേര്‍ത്ത് വായിക്കണമെന്ന നീതിയുടെ കാതലായ ശബ്ദം ഇവിടെ അവഗണിക്കപ്പെടുകയായിരുന്നു. ഭരണഘടനയുടെ ധാര്‍മികതയും നീതിയുടെ ത്രാസ്സും ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്ന അന്തരീക്ഷത്തില്‍ വിദ്വേഷത്തിന്റെ ബുള്‍ഡോസര്‍ ഓഫാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ കമന്റ് ശ്രദ്ധേയമായിരുന്നു.

സ്റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി കൊടുക്കുന്ന സന്ദര്‍ഭത്തില്‍ മേശയും കസേരയും നീക്കാന്‍ ബുള്‍ഡോസര്‍ വേണമോയെന്നും നിയമം നടപ്പിലാക്കാന്‍ എന്തും ചെയ്യാമെന്നാണോയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് നാഗേശ്വര റാവു ചോദിച്ച ചോദ്യം നീതിയുടെ കനത്ത ശബ്ദമായി കോടതി മുറികളില്‍ പ്രതിധ്വനിക്കുകയുണ്ടായി. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോയ എം.പിമാരുള്‍പ്പെടെയുള ദേശീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയുണ്ടായി. സംഘ്പരിവാറിന്റെ ന്യൂനപക്ഷ ഉന്‍മൂലനമെന്ന അജണ്ട തിരിച്ചറിഞ്ഞ് ആത്മാര്‍ഥതയുടെ അര്‍ഥതലങ്ങളോടെ ജനാധിപത്യ മതേതര കക്ഷികള്‍ ജനകീയ പ്രതിരോധങ്ങള്‍ തീര്‍ക്കേണ്ട കാലമാണിത്. വിയര്‍ത്തും മുഷിഞ്ഞും ജീവിതം കെട്ടി പൊക്കിയ മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രത്യേകം അടയാളപ്പെടുത്തിയാണ് ബുല്‍ഡോസര്‍ ഭീതി സൃഷ്ടിച്ച് തകര്‍ക്കല്‍ സന്നാഹം നടത്തിയത്.

മോദി ഭരണത്തിന്റെ ഓരോ പുലരിയിലും ന്യൂനപക്ഷ ഉന്മൂലനത്തിന്റെ ഭീകര ചിത്രങ്ങളാണ് പുറത്തുവരുന്നത്. മത ന്യൂനപക്ഷങ്ങളുടെ ഭാവി യാത്രയില്‍ മൗലികമായ ഉത്കണ്ഠ ഉളവാക്കുന്ന വിധം ഹിജാബും ഹലാലും ജിഹാദുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്ന ഭരണഘടന സങ്കല്‍പം പോലും തകര്‍ത്തെറിഞ്ഞ് മതനിരപേക്ഷ ഇന്ത്യയെ മത രാജ്യമാക്കാനുള്ള പുറപ്പാടിലാണ് സംഘികള്‍. പുതിയ ഭാരതത്തില്‍ കൊലപാതികളാണ് നായകന്മാര്‍ എന്ന മഹാത്മാഗാന്ധിയുടെ ചെറു മകന്‍ തുഷാര്‍ ഗാന്ധിയുടെ വാക്കുകള്‍ പ്രസക്തമാവുകയാണ്. ഫാസിസത്തിന്റെ രാഷ്ട്രീയ മഹാമാരിക്ക് ന്യൂനപക്ഷങ്ങളെ വിട്ട്‌കൊടുക്കാനാവില്ല എന്ന മഹിതമായ രാഷ്ട്രീയ സന്ദേശത്തിന്റെ പൂര്‍ണതക്ക് വേണ്ടി ജനാധിപത്യ മതേതര ശക്തികള്‍ യോജിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് പോയ സാംസ്‌കാരിക നായകന്‍മാര്‍ക്ക് ഞങ്ങള്‍ വരുന്നത് രണ്ട് ഇന്ത്യയില്‍ നിന്നാണെന്ന് പറയേണ്ടി വന്നത് ഇത്തരം അനീതിയുടെ ഭാരത ക്രമസാഹചര്യത്തിലാണ്.

വികസനത്തിന്റെ സ്വാദ് നല്‍കലാണ് സര്‍ക്കാര്‍ നയം എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളത്തിലാണ് കെ റെയില്‍ സമരത്തില്‍ പ്രതിഷേധിക്കുന്ന ബലഹീനരായ മനുഷ്യരെ സിവില്‍ പൊലീസ് ഓഫീസര്‍ ബൂട്ടിട്ട കാല്‍ ഉയര്‍ത്തി ചവിട്ടുന്ന സംഭവമുണ്ടായത്. വടക്കേ ഇന്ത്യയിലെ പൊലീസിനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ സമരമുഖത്ത് വാര്‍ത്ത ദൃശ്യ മാധ്യമങ്ങള്‍ കണ്ണുതുറന്ന് നില്‍ക്കുന്ന സമയത്താണ് പൊലീസുകാരന്‍ ഓടി വന്ന് സമര ഭടനെ ചവിട്ടി വീഴ്ത്തിയത്. സാക്ഷരതയിലും സാമൂഹിക ബോധത്തിലും മുന്നില്‍നില്‍ക്കുന്ന കേരളത്തിലാണ് അമേരിക്കയില്‍ വംശ വെറിയുടെ പേരില്‍ 8.4 മിനിറ്റ് കൊണ്ട് കറുത്ത വര്‍ഗക്കാരനെ ബൂട്ടു കൊണ്ട് പൊലീസ് ചവിട്ടികൊന്ന സംഭവത്തെ അനുസ്മരിപ്പിക്കുമാറ് വൃത്തികെട്ട സംഭവം അരങ്ങേറിയത്. സര്‍വീസ് റിക്കോര്‍ഡില്‍ അഞ്ചുതവണ നടപടിക്ക് വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്റെ ചെയ്തി മനുഷ്യാവകാശ ലംഘനമായിട്ട് പോലും കനത്ത ശിക്ഷ നല്‍കാത്ത കേരള പൊലീസിന്റെ നടപടി അത്യന്തം ദൗര്‍ഭാഗ്യകരമാണ്.

മുഖ്യമന്ത്രിയുടെ മൂക്കിനുമുന്നില്‍ കൊലക്കേസ് പ്രതി മാസങ്ങളോളം താമസിച്ചിട്ട് കണ്ടുപിടിക്കാന്‍ കഴിയാത്ത കേരള പൊലീസ് കഴക്കൂട്ടത്ത് കാണിച്ച വീരപരാക്രമങ്ങള്‍ മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാന്‍ ഉള്ളതാണ്. മഞ്ഞ കുറ്റികള്‍ക്ക് കാവല്‍നില്‍ക്കുന്ന കേരള പൊലീസിന് പാലക്കാട്ടും ആലപ്പുഴയിലുമൊക്കെ മനുഷ്യമക്കളുടെ സംരക്ഷകരാകാന്‍ പോലും സാധിച്ചിട്ടില്ല എന്നത് ഖേദകരം. കിടപ്പാടം നഷ്ടപ്പെടുന്ന സാധാരണക്കാരന്റെ നാഭിക്ക് ബൂട്ടിട്ട് ചവിട്ടുന്ന കേരള പൊലീസ് മേലാല്‍ കാല്‍ പൊക്കുന്നതിനു മുമ്പ് മൂന്നു തവണ ആലോചിക്കേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കുകള്‍ കേരള മനസ്സാക്ഷിയുടെ പ്രതിഷേധ ഗര്‍ജ്ജനത്തിന്റെ നിദര്‍ശനമാണ്. ബൂട്ട് രാജിനെ ന്യായീകരിക്കുന്ന വിജയരാഘവന്‍മാര്‍ മനസ്സിലാക്കേണ്ടത് കേരളവും നന്ദിഗ്രാം പോലെ കമ്യൂണിസ്റ്റ് തകര്‍ച്ചയുടെ അതിവേഗ പാതയിലാണെന്നുള്ളതാണ്. തെരുവില്‍ നീതി തേടുന്ന ജനതയോട് ബൂട്ട് ഭാഷയില്‍ സംസാരിക്കുന്ന പൊലീസ് മനസ്സിലാക്കേണ്ടത് കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനത്തെ സ്റ്റോപ്പ് കേരളവും രാഷ്ട്രീയ ഭൂപടത്തില്‍ അസ്തമിക്കാന്‍ സമയമായി എന്നുള്ളതാണ്.

Chandrika Web: