പി. ഇസ്മായില്‍, വയനാട്
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാഷ് നേതൃത്വം നല്‍കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പലതും ബൂമറാങ് പോലെ തിരിഞ്ഞു കുത്തുന്ന വാര്‍ത്തകളാണ് ദിവസവും പുറത്തു വരുന്നത്. ബജറ്റിലെ നികുതി കൊള്ളയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വ്യവസായങ്ങള്‍ ആരംഭിച്ചുവെന്ന തള്ള് പൊളിഞ്ഞതും ആകാശ് തില്ലങ്കേരിയുടെ കൊലപാതക കുമ്പസാരവും ശിവശങ്കറിന്റെ അറസ്റ്റും ചര്‍ച്ചയാവാതിരിക്കാനായി പിണറായി തുറന്നു വിട്ട ജമാഅത്ത് ആര്‍.എസ്.എസ് കൂടിക്കാഴ്ച എപ്പിസോഡ് വെളുക്കാന്‍ തേച്ചത് പാണ്ടായ സ്ഥിതിയിലാണ്.
ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ്, മീഡിയ അക്കാദമി, മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങളില്‍ ജമാഅത്തുകാരെ കുടിയിരുത്തിയതും ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി ആര്‍. എസ്.എസുമായി സി പിഎം നടത്തിയ നീക്കു പോക്കുകളും രാഷ്ട്രീയ എതിരാളികള്‍ക്ക് കുത്തിപൊക്കാന്‍ അവസരം നല്‍കി എന്നാണ് പാര്‍ട്ടിയിലെ ബുദ്ധികേന്ദ്രങ്ങളുടെ വിലയിരുത്തല്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തില്‍ പ്രധിഷേധിച്ച് സി. ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതും ജാഥക്ക് തുടക്കം കുറിച്ച ദിവസത്തിലാണ് .അന്നേ ദിവസം ഗതാഗത മന്ത്രിക്കെതിരായി സി.പി എം നേതാവ് എ. കെ ബാലന്‍ നടത്തിയ പ്രസ്താവനയില്‍ ഗോവിന്ദന്‍ മാഷ് ഫാസിസ്റ്റ് പ്രതിരോധം ആദ്യം ആരംഭിക്കേണ്ടത് കെ.എസ്.ആര്‍.ടി.സിയിലാണെന്നാണ് പറയാതെ പറഞ്ഞത്.സി ഐ ടി യുവിനെ തകര്‍ത്ത് സംഘ് പരിവാരങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നുഴഞ്ഞു കയറാന്‍ ഭരണകൂട ചിലവില്‍ അവസരം കൊടുക്കുന്നതിലാണ് ബാലന്‍ രോഷം പൂണ്ടത്.
സംയോജിത ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി) ഇനത്തില്‍ അഞ്ചു വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 25000കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപെടുത്തിയവരാണ് മോദി സര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിച്ചുരുക്കി കേരളത്തെ സാമ്പത്തികമായി
തകര്‍ക്കുന്നുവെന്ന് തെരുവില്‍ പ്രസംഗിക്കുന്നത്.ഈ സത്യം ജനങ്ങള്‍ അറിയാതിരിക്കാന്‍ വേണ്ടിയാണ് ഐ.ജി. എസ്.ടി റിട്ടേണ്‍ പരിഷ്‌ക്കരണ രീതികളും ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിക്കേണ്ട വിഷയങ്ങളും പ്രദിപാദിക്കുന്ന റിപ്പോര്‍ട്ട് ബജറ്റിനൊപ്പം നിയമസഭയില്‍ വെക്കാതിരുന്നത്. ഐ. ജി.എസ്.ടി യില്‍ ഓരോ വര്‍ഷവും കിട്ടേണ്ട 5000കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്‌കേടു മൂലം നഷ്ടപ്പെടുമ്പോഴാണ് 750 കോടി രൂപ കണ്ടെത്താന്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തിയ ധനദ്രോഹത്തെ ഗോവിന്ദന്‍ മാഷ് താത്വികമായി പ്രതിരോധിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകള്‍ വെള്ളക്കരം വകയില്‍ വാട്ടര്‍ അതോറിറ്റിക്ക് കോടികളാണ് കുടിശിക
കൊടുക്കാനുള്ളത്.ഗാര്‍ഹിക ഗാര്‍ഹികേതര കണക്ഷനില്‍ 235 കോടി മാത്രമാണ് കുടിശിക റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 1200 കോടി രൂപയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ളത്.കുടിശിക നല്‍കുന്നതിന് പകരം കുടിവെള്ളം മുട്ടിക്കുന്ന രീതിയിലുള്ള നികുതി വര്‍ദ്ധനവിനാണ് മുതിര്‍ന്നത്.ബോളീവിയയിലെയും ജോഹന്നാസ് ബര്‍ഗിലെയും കുടിവെള്ള സ്വകാര്യ വത്കരണത്തില്‍ മുഷ്ടി ചുരുട്ടി കുടി വെള്ളം ജന്മവകാശമാണെന്ന് പ്രഖ്യപിച്ചവര്‍ നാട് ഭരിക്കുമ്പോള്‍ പൊതു ടാപ്പുകള്‍ പോലും ആവശ്യമില്ലന്ന നിലപാടിലാണ് എത്തി നില്‍ക്കുന്നത്.ആയിരങ്ങള്‍ കുടിവെള്ളത്തിനായി പൊതു ടാപ്പുകളെ ആശ്രയിക്കുന്ന നാട്ടില്‍ കുടിനീര്‍ അവശ്യ സേവനമല്ലന്ന് ഇടതുപക്ഷം പറയുമ്പോള്‍ ഭരണകൂടം കുബേര പക്ഷമായി മാറുകയാണ്. ധൂര്‍ത്തിനും ആഡംബരത്തിനും നികുതി പണം ചിലവഴിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് ലവലേശം മനസാക്ഷി കുത്തില്ല . സര്‍ക്കാര്‍ കേസുകള്‍ വാദിക്കാനായി സുപ്രീം കോടതിയില്‍ കാല്‍ഡസന്‍ അഭിഭാഷകരും ഹൈകോടതിയില്‍ 140പബ്ലിക് പ്രോസിക്യൂട്ടര്‍മാരും നിലവില്‍ ഉള്ളപ്പോള്‍ കൊലപാതക കേസുകളില്‍ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാന്‍ ഇറക്കുമതി അഭിഭാഷകര്‍ക്കായി 20കോടി രൂപയാണ് ഖജനാവില്‍ നിന്ന് തുലച്ചത്.
സാക്ഷരതാ പ്രേരക് ബിജുമോന്‍ തുച്ചമായ ഹോണറേറിയം കിട്ടാത്തതിന്റെ പേരില്‍ പത്തനാപുരത്ത് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പേയാണ് സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളമെന്ന് വലിയ വായില്‍ ഗോവിന്ദ സംഘം വിളിച്ചു പറയുന്നത്.ശമ്പളവും പെന്‍ഷനും കിട്ടാതായപ്പോള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ജീവനൊടുക്കിയതും പിണറായിയുടെ തുടര്‍ ഭരണത്തിലാണ്.ബീറ്റ് ഫോറസ്റ്റ് തസ്തികയില്‍ എഴുത്ത് പരീക്ഷയിലും കായിക ക്ഷമതയിലും വിജയിച്ചിട്ടും പല്ല് ഉന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് പി. എസ്.സി ജോലി നിഷേധിച്ചതും സാക്ഷര കേരളത്തിലാണ്. അട്ടപ്പാടിയില്‍ ആള്‍കൂട്ടം വിചാരണ ചെയ്തു കൊന്ന ആദിവാസി വിഭാഗത്തില്‍പെട്ട മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പു വരുത്താന്‍ അഞ്ചു വര്‍ഷമായിട്ടും കഴിയാത്തവരാണ് ആര്‍. എസ്. എസിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ച് വാചാലരാവുന്നത്. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതെയും സാക്ഷികളെ കൂറുമാറ്റിയും മധു കൊലപാതക കേസില്‍ കാണിച്ച നിസംഗതയുടെ ഫലമാണ് വിശ്വനാഥന്റെ ദുരൂഹ മരണം ക്ഷണിച്ചു വരുത്തിയത്.
ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ പോലും കലാപമെന്നാണ് ഗോവിന്ദന്‍ മാഷ് വിശേഷിപ്പിച്ചത്.പ്രതിഷേധവും പ്രതിപക്ഷവും കൂടിച്ചേരുന്നതാണ് ജനാധിപത്യമെന്ന കാര്യം പോലും ന്യായീകരണത്തിന് വേണ്ടി ഗോവിന്ദന്‍ മനഃപൂര്‍വം മറക്കുകയാണ്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ കരിങ്കൊടിയും കരിദിനവും ദിനചര്യയായി കണക്കാക്കിയവരാണ് ഇപ്പോള്‍ കറുപ്പിനോട് വെറുപ്പ് പ്രകടിപ്പിക്കുന്നത്.മുഖ്യമന്ത്രി നാട്ടില്‍ ഇറങ്ങുമ്പോള്‍ ജനം വീട്ടില്‍ ഇരിക്കേണ്ട അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ അമിത സുരക്ഷ കാരണം മരുന്ന് വാങ്ങാന്‍ വരുന്നവരെ പോലും റോഡില്‍ തടയുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ അധികാരത്തിലേറിയവരോട് അരുതേ എന്ന് പറയുന്നതിന് പകരം ഹല്ലേലൂയ പാടാനാണു ഗോവിന്ദന്‍ മാഷും സംഘവും ദഫ് മുട്ടും കോല്‍ക്കളിയും പാട്ടും കൂത്തുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.
മനുഷ്യന് ഒരു ആമുഖം എന്ന സുഭാഷ് ചന്ദ്രന്റെ നോവലിലെ ഒരു കഥാപാത്രമാണ് ഗോവിന്ദന്‍ മാഷ്. പറമ്പില്‍ മണ്ണ് പുതച്ചു കിടന്ന ഒരു കരിഞ്ഞ പൂത്തിരി എടുത്തതിന് ശേഷം പോയ രാത്രിയിലെ ഇരുട്ടില്‍ പ്രകാശം വിതറിയ മണ്ണ് ഊതി കൊണ്ട് അദ്ദേഹം മറ്റൊരു കഥാപാത്രമായ ജിതിന്റെ കയ്യില്‍ കൊടുത്ത് കൊണ്ട് എപ്പോഴും ഓര്‍മ്മ വേണം ജീവിതം ഇത്രെയേയുള്ളൂ എന്നായിരുന്നു പറഞ്ഞത്. അത് പോലെ തുടര്‍ ഭരണം വീണു കിട്ടിയതാണെന്നും ജനങ്ങളോട് നന്ദികേടു കാട്ടരുതെന്നും പിണറായിയോട് പറയാന്‍ ഗോവിന്ദന്‍ മാഷിന് ത്രാണി ഇല്ലന്ന് അരിയാഹാരം കഴിക്കുന്ന കേരളീയര്‍ക്ക് അറിയാം. അതു കൊണ്ട് തന്നെ ജനകീയ പ്രതിരോധ ജാഥ എല്ലാ അര്‍ത്ഥത്തിലും പിണറായി പാണന്മാരുടെ വാഴ്ത്തു പാട്ടിനാല്‍ സര്‍ക്കാര്‍ പ്രതിരോധ ജാഥയായി മാറിയിരിക്കുകയാണ്.