കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ ആമസോണ്‍ വഴി 1.14 ലക്ഷം രൂപയുടെ ലാപ്‌ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനിക്ക് പാഴ്‌സലായി ലഭിച്ചത് പഴയ പേപ്പറുകള്‍. ഒടുവില്‍ പണം തിരികെ കിട്ടാന്‍ സഹായിച്ചതു പൊലീസും. കഴിഞ്ഞ ജൂണ്‍ മാസമാണ് പറവൂര്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആമസോണ്‍ വഴി 1,14,700 രൂപയുടെ ലാപ്‌ടോപ്പ് ബുക്ക് ചെയ്തത്.
അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണവും നല്‍കി.
ഒരാഴ്ചക്കുള്ളില്‍ പാഴ്‌സലുമെത്തി. പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ ഉത്തരേന്ത്യയിലെ പേപ്പറുകള്‍ മാത്രമാണുണ്ടായിരുന്നത്. പാഴ്‌സല്‍ തുറക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. ഫോട്ടോയും എടുത്തു. ഇതുപയോഗിച്ച് ആമസോണില്‍ പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വിദ്യാര്‍ഥി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എസ്പിയുടെ നേതൃത്വത്തില്‍ ആലുവ സൈബര്‍ പൊലീസ് സ്‌റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചു. ആമസോണിനു വേണ്ടി ലാപ്‌ടോപ്പ് നല്‍കിയത് ഹരിയാനയില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയാണെന്ന് സംഘം കണ്ടെത്തി. ഈ കമ്പനി കൃഷി ഹെര്‍ബല്‍ സംബന്ധമായ ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്ന സ്ഥാപനമാണ്.